ഇറ്റലി: 96 വർഷത്തെ ജീവിതത്തിനിടയിൽ നിരവധി പരീക്ഷണങ്ങളിലൂടെ കടന്നു വന്ന വ്യക്തിയാണ് ​ഗിസപ്പോ പറ്റേണോ. കുട്ടിക്കാലത്തെ ദാരിദ്ര്യവും കഷ്ടപ്പാടും യുദ്ധവുമെല്ലാം താൻ നേരിട്ട പരീക്ഷണങ്ങളിലുണ്ട് എന്ന് ഇദ്ദേഹം പറയുന്നു. ഇപ്പോഴിതാ കൊറോണയും. മഹാമാരിയുടെ ഇക്കാലത്തും പുതിയൊരു ചരിത്രം രചിച്ചിരിക്കുകയാണ് ഈ വയോധികൻ. സർവ്വകലാശാല ബിരുദം നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന ഖ്യാതി ഇനി ​ഗിസപ്പോയ്ക്ക് സ്വന്തം. 

'ഞാനൊരു സാധാരണ മനുഷ്യനാണ്. മറ്റുള്ള ആളുകളെപ്പോലെ തന്നെ' ​ഗിസപ്പോ പറഞ്ഞു. 'പ്രായത്തിന്റെ കാര്യത്തിൽ മറ്റുള്ളവരെ മറികടന്നു എന്നല്ലാതെ പ്രത്യേകിച്ചൊന്നുമില്ല' എന്നാണ് വൈകി ബിരുദം നേടിയതിനെക്കുറിച്ച് ​ഗിസപ്പോയുടെ വാക്കുകൾ. തൊണ്ണൂറുകളിൽ പലർമോ സർവ്വകലാശാലയിൽ ഹിസ്റ്ററി ആന്റ് ഫിലോസഫിയിലും ബിരുദ പ്രവേശനം നേടിയിരുന്നു. എന്നാൽ പഠനം മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചില്ല.
 
ഇപ്പോൾ അല്ലെങ്കിൽ പിന്നെ ഒരിക്കലും സാധിക്കില്ല എന്ന് തീരുമാനിച്ച് 2017 ൽ വീണ്ടും ബിരുദ പഠനത്തിനായി ചേർന്നു. ​ഗിസപ്പോ റോയിട്ടേഴ്സിനോട് പറഞ്ഞു. മൂന്നു വർഷത്തെ ബിരുദം നേടാൻ വൈകിപ്പോയി എന്ന് തോന്നിയിരുന്നു. എന്നാൽ എനിക്കത് ചെയ്യാൻ സാധിക്കുമോ എന്ന് നോക്കാം എന്ന് കരുതി. അദ്ദേഹം കൂട്ടിച്ചേർത്തു. മികച്ച മാർക്കോടെയാണ് അദ്ദേഹം ബിരുദം പാസ്സായത്. യൂണിവേഴ്സിറ്റി വൈസ് ചാൻസലർ അദ്ദേഹത്തെ അഭിനന്ദിക്കാൻ എത്തിയിരുന്നു. 

സിസിലിയിലെ തീർത്തും ദരിദ്രമായ കുടുംബത്തിലായിരുന്നു ​ഗിസപ്പോയുടെ ജനനം. അടിസ്ഥാന വിദ്യാഭ്യാസം മാത്രമാണ് ഇദ്ദേഹത്തിന് ലഭിച്ചത്. രണ്ടാം ലോകമഹായുദ്ധകാലത്ത് നേവിയിൽ സേവനം ചെയ്തിരുന്നു. പിന്നീട് റെയിൽവേ ജീവനക്കാരനായി.  31ാമത്തെ വയസ്സിലാണ് ഇദ്ദേഹം ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ചത്. പിന്നീടും തുടർന്ന് പഠിക്കാനാണ് അദ്ദേഹം ആ​ഗ്രഹിച്ചത്. 1984 ൽ റെയിൽവേ  ജോലിയിൽ നിന്നും വിരമിച്ചു. ബിരുദം ലഭിച്ചെങ്കിലും പഠനം ഇവിടം കൊണ്ട് അവസാനിപ്പിക്കാൻ ​ഗിസപ്പോ തയ്യാറല്ല. ഇനിയും തുടർന്ന് പഠിക്കുമെന്ന് അദ്ദേഹം പറയുന്നു.