Asianet News MalayalamAsianet News Malayalam

കെഎസ് യുഎം-ന്‍റെ ഇന്നൊവേഷന്‍ ഗ്രാന്‍റ്: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപേക്ഷിക്കാം; അവസാന തിയതി ഒക്ടോബര്‍ 23

ഐഡിയ ഗ്രാന്‍റ്, പ്രോഡക്ടൈസേഷന്‍ ഗ്രാന്‍റ്,  സ്കെയില്‍അപ് ഗ്രാന്‍റ് എന്നിങ്ങനെയാണ് വിവിധ ഘട്ടങ്ങളിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായം നല്‍കുന്നത്. ഇതിലേയ്ക്ക്  അപേക്ഷിക്കുന്നതിന് കെഎസ് യുഎം-ന്‍റെ യുണീക്ക് ഐഡി നിര്‍ബന്ധമാണ്. 

ksum innovation grant can apply for startups
Author
Trivandrum, First Published Oct 13, 2020, 12:31 PM IST

തിരുവനന്തപുരം: 'കേരള സ്റ്റാര്‍ട്ടപ് ഇന്നൊവേഷന്‍ ഡ്രൈവ് 2020' ന്‍റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്‍റെ ഇന്നൊവേഷന്‍ ഗ്രാന്‍റ് പദ്ധതിയിലേയ്ക്ക് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ് യുഎം) സ്റ്റാര്‍ട്ടപ്പുകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. നൂതനാശയങ്ങളെ മികച്ച സംരംഭങ്ങളാക്കി മാറ്റുന്നതിന് സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും സാമ്പത്തിക സഹായം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇങ്ങനെയുള്ളവര്‍ക്ക് പ്രാരംഭ ധനസഹായം വെല്ലുവിളിയായതിനാല്‍ അതു പരിഹരിക്കുന്നതിനാണ് സര്‍ക്കാര്‍ ഇന്നൊവേഷന്‍ ഗ്രാന്‍ഡ് പദ്ധതി നടപ്പിലാക്കുന്നത്.

ഐഡിയ ഗ്രാന്‍റ്, പ്രോഡക്ടൈസേഷന്‍ ഗ്രാന്‍റ്,  സ്കെയില്‍അപ് ഗ്രാന്‍റ് എന്നിങ്ങനെയാണ് വിവിധ ഘട്ടങ്ങളിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായം നല്‍കുന്നത്. ഇതിലേയ്ക്ക്  അപേക്ഷിക്കുന്നതിന് കെഎസ് യുഎം-ന്‍റെ യുണീക്ക് ഐഡി നിര്‍ബന്ധമാണ്.  മികച്ച ആശയങ്ങളെ പ്രോട്ടോടൈപ്പ് ആക്കുന്നതിനാണ് രണ്ട് ലക്ഷം രൂപയുടെ ഐഡിയ ഗ്രാന്‍റ് നല്‍കുന്നത്. എംവിപി അല്ലെങ്കില്‍ പ്രോട്ടോടൈപ്പ് സ്വന്തമായുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭങ്ങള്‍ക്കും അന്തിമ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിന് ഇത് പ്രയോജനപ്പെടുത്താം.  മുന്‍പ് ഐഡിയ ഗ്രാന്‍റ് ലഭിച്ചിട്ടുള്ളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

അന്തിമ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാന്‍  തയ്യാറെടുത്തിരിക്കുന്നവര്‍ക്ക് ഏഴ് ലക്ഷം രൂപയുടെ പ്രോഡക്ടൈസേഷന്‍ ഗ്രാന്‍റിന് അപേക്ഷിക്കാം. വളര്‍ച്ചയുടെ ഘട്ടത്തില്‍ കൂടുതല്‍ നിക്ഷേപവും ഉല്‍പ്പന്ന വികസനവും വരുമാനവും ആഗ്രഹിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് 12 ലക്ഷം രൂപവരെ ലഭ്യമാക്കുന്ന സ്കെയില്‍അപ് ഗ്രാന്‍റിന് അപേക്ഷിക്കാവുന്നത്. 

വിദഗ്ധരുടെ പാനല്‍ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കും. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ കൊവിഡ് മാനദണ്ഡപ്രകാരം  വിദഗ്ധ സമിതിക്കു മുന്നില്‍ അവതരണം നടത്തണം. ഈ സമിതിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തെരഞ്ഞെടുപ്പ്. അപേക്ഷിക്കേണ്ട അവസാന തിയതി  ഒക്ടോബര്‍ 23.  ചുരുക്കപ്പട്ടിക നവംബര്‍ 1 ന് പുറത്തിറക്കും. വിശദവിവരങ്ങള്‍ക്ക് www.bit.ly/ksuminnovdrive എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Follow Us:
Download App:
  • android
  • ios