Asianet News MalayalamAsianet News Malayalam

753 കോടി രൂപയുടെ ആഗോള നിക്ഷേപം നേടി കെഎസ് യുഎം പിന്തുണയുള്ള മലയാളി സ്റ്റാര്‍ട്ടപ്പ്

സിംങ്കപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെമാസെക്ക് ഗ്ലോബല്‍ ഇന്‍വെസ്റ്റ്മെന്‍റ് കമ്പനി നയിച്ച റൗണ്ടില്‍ ഗൂഗിള്‍, ജപ്പാനിലെ പ്രമുഖ വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ സ്ഥാപനമായ എസ്ബിഐ ഇന്‍വെസ്റ്റ്മെന്‍റ്, നിലവിലെ നിക്ഷേപകരായ ടൈഗര്‍ ഗ്ലോബല്‍, 3വണ്‍4 ക്യാപ്പിറ്റല്‍ എന്നിവ പങ്കെടുത്തു.
 

Malayalee startup with a global investment of Rs 753 crore
Author
Trivandrum, First Published Oct 14, 2021, 4:08 PM IST

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ (കെഎസ് യുഎം) പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന  ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പ് 'ഓപ്പണ്‍'-ന് 753  കോടി രൂപയുടെ (നൂറ് മില്യണ്‍ ഡോളര്‍) ആഗോള നിക്ഷേപം ലഭിച്ചു.  ഗൂഗിള്‍ ഉള്‍പ്പെടെയുള്ള ആഗോള പ്രശസ്ത സ്ഥാപനങ്ങളാണ് നിക്ഷേപം നടത്തിയത്. ആകെ 137 മില്യണ്‍ ഡോളറിന്‍റെ നിക്ഷേപം ഓപ്പണ്‍ നേടിയിട്ടുണ്ട്.

ചെറുകിട-ഇടത്തരം വ്യവസായങ്ങളെ ലക്ഷ്യമാക്കിയ നൂതന ബാങ്കിംഗ് പ്ലാറ്റ് ഫോമായ ഓപ്പണ്‍ സീരീസ് സി റൗണ്ടിലാണ് 100 മില്യണ്‍ ഡോളറിന്‍റെ നിക്ഷേപം നേടിയത്. സിംങ്കപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെമാസെക്ക് ഗ്ലോബല്‍ ഇന്‍വെസ്റ്റ്മെന്‍റ് കമ്പനി നയിച്ച റൗണ്ടില്‍ ഗൂഗിള്‍, ജപ്പാനിലെ പ്രമുഖ വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ സ്ഥാപനമായ എസ്ബിഐ ഇന്‍വെസ്റ്റ്മെന്‍റ്, നിലവിലെ നിക്ഷേപകരായ ടൈഗര്‍ ഗ്ലോബല്‍, 3വണ്‍4 ക്യാപ്പിറ്റല്‍ എന്നിവ പങ്കെടുത്തു.

അനീഷ് അച്യുതന്‍, മേബല്‍ ചാക്കോ, ദീന ജേക്കബ്, അജീഷ് അച്യുതന്‍ എന്നിവര്‍ ചേര്‍ന്ന് 2017-ല്‍ തുടക്കമിട്ട ഓപ്പണിന് നിലവില്‍ ഇന്ത്യയിലെ പന്ത്രണ്ടിലധികം പ്രമുഖ ബാങ്കുകളുമായി പങ്കാളിത്തമുണ്ട്. ആഗോള സ്ഥാപനങ്ങളില്‍ നിന്നും നിക്ഷേപം നേടുവാന്‍ തക്കവണ്ണം മികച്ചവയാണ് സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളെന്നാണ് ഈ വന്‍നിക്ഷേപം വ്യക്തമാക്കുന്നതെന്ന്  കെഎസ് യുഎം സിഇഒ ജോണ്‍ എം തോമസ് പറഞ്ഞു. അനന്ത സാധ്യതകളുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇത് പ്രോത്സാഹനമാണ്. ഓപ്പണ്‍ സ്റ്റാര്‍ട്ടപ്പ് സംസ്ഥാനത്തിന്‍റെ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷത്തിന്‍റെ ഭാഗമാണെന്നതില്‍ സന്തോഷമുണ്ട്. ഫിന്‍ടെക് മേഖലയില്‍ ഫലപ്രദമായ കൂടുതല്‍ പ്രതിവിധികളുമായി സ്ഥാപനം മുന്നേറുമെന്ന് ഉറപ്പുളളതായും വ്യക്തമാക്കിയ അദ്ദേഹം ഓപ്പണിന്‍റെ  സ്ഥാപകരെ അഭിനന്ദിച്ചു.

ഓപ്പണിന്‍റെ നൂതന എംബഡഡ് ഫിനാന്‍സ് പ്ലാറ്റ് ഫോമായ സ്വിച്ച്, ചെറുകിട ഇടത്തര ധനകാര്യ സ്ഥാപനങ്ങള്‍ക്കുളള ക്ലൗഡ് സാങ്കേതികവിദ്യയിലധിഷ്ഠിത പ്ലാറ്റ് ഫോമായ ബാങ്കിംഗ്സ്റ്റാക്ക് എന്നിവയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ഈ ഫണ്ട് വിനിയോഗിക്കുമെന്ന് കമ്പനി സിഇഒയും സഹസ്ഥാപകനുമായ അനീഷ് അച്യുതന്‍ പറഞ്ഞു. ഇപ്പോള്‍ ഇന്ത്യയിലെ പതിനഞ്ചിലധികം ബാങ്കുകള്‍ ബാങ്കിംഗ്സ്റ്റാക്ക് പ്രയോജനപ്പെടുത്തുന്നുണ്ട്. ബാങ്കുകളെ കാലാനുസൃത ഡിജിറ്റല്‍ ബാങ്കിംഗ് പ്ലാറ്റ് ഫോമുകള്‍ നിര്‍മ്മിക്കുന്നതിന് ഓപ്പണ്‍ പിന്തുണയേകുന്നുണ്ട്. ധനകാര്യമേഖലയിലെ മറ്റു സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രതിവിധികള്‍ ലഭ്യമാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു ലക്ഷത്തിലധികം ചെറുകിട ഇടത്തരം സംരംഭങ്ങളുമായി അഞ്ച് ബില്യണ്‍ ഡോളര്‍ ഇടപാടുള്ള സ്ഥാപനമായി ഓപ്പണ്‍ വളര്‍ന്നു കഴിഞ്ഞു. ആഗോള തലത്തിലെ  നൂതന ബാങ്കിംഗ് മേഖലയെ കേന്ദ്രീകരിച്ച് അതിവേഗം പ്രവര്‍ത്തിക്കുന്ന ഓപ്പണിലേക്ക് പ്രതിമാസം ഇരുപതിനായിരത്തിലധികം ചെറുകിട ഇടത്തരം സംരംഭങ്ങളാണ് കൂട്ടിച്ചേര്‍ക്കപ്പെടുന്നത്.

അമേരിക്ക, യൂറോപ്പ്,  സൗത്ത് ഈസ്റ്റ് ഏഷ്യ എന്നിവിടങ്ങളിലേക്ക് രാജ്യാന്തര വിപണി വിപുലീകരിക്കാനാണ് അഞ്ഞൂറോളം പേര്‍ ജോലി ചെയ്യുന്ന ഓപ്പണ്‍ ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഗൂഗിളിന്‍റെ നിക്ഷേപം നേടുന്ന സ്റ്റാര്‍ട്ടപ്പുകളില്‍ ഏറ്റവും പുതിയതാണ് ഓപ്പണ്‍

Follow Us:
Download App:
  • android
  • ios