ദില്ലി: ജെഇഇ, നീറ്റ് പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ആവശ്യം ഉന്നയിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും രംഗത്ത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് തവണയാണ് മമത പ്രധാനമന്ത്രിക്ക് ഈ ആവശ്യം ഉന്നയിച്ച് കത്തെഴുതിയത്.  കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ബിജെപി ഇതര സര്‍ക്കാറുകള്‍ ഭരിക്കുന്ന സംസ്ഥാന മുഖ്യമന്ത്രിമാരുടെ പിന്തുണ തേടി സോണിയാ ഗാന്ധി തേടിയതിന് പിന്നാലെയാണ് മമതയും പരീക്ഷക്കെതിരെ രംഗത്തെത്തിയത്. കൊവിഡ്, പ്രളയ പശ്ചാത്തലത്തില്‍ ജെഇഇ, നീറ്റ് പ്രവേശന പരീക്ഷകള്‍ നടത്തുന്നത് ഉചിതമല്ലെന്നും മാറ്റിവെക്കണമെന്നുമാണ് പ്രതിപക്ഷ ആവശ്യം.

പരീക്ഷ നടത്താമെന്ന സുപ്രീം കോടതിയുടെ ഉത്തരവ് പുനപ്പരിശോധിക്കാന്‍ കേന്ദ്രം ഇടപെടണമെന്നും മമത ആവശ്യപ്പെട്ടു. ഡിഎംകെ നേതാവ് എംകെ സ്റ്റാലിനും പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. അതേസമയം, പരീക്ഷ മാറ്റേണ്ടതില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. കൂടുതല്‍ പരീക്ഷ കേന്ദ്രങ്ങള്‍ ഒരുക്കി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷ നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. സെപ്റ്റംബര്‍ ആറ് മുതലാണ് ജെഇഇ, നെറ്റ് പരീക്ഷകള്‍.