ദില്ലി: ജെഇഇ, നീറ്റ് പരീക്ഷ നടത്താനുള്ള  കേന്ദ്രസർക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. പരീക്ഷകൾ നടത്താനുള്ള തീരുമാനത്തെക്കുറിച്ച് പുനർവിചിന്തനം നടത്തണമെന്നും ബദൽ ക്രമീകരണം നടപ്പിലാക്കണമെന്നും സിസോദിയ ആവശ്യപ്പെട്ടു. കൊറോണ വൈറസ് കേസുകൾ 30 ലക്ഷത്തിലധികം കടന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ വിദ്യാർത്ഥികളുടെ ജീവിതം കൊണ്ട് കളിക്കുകയാണെന്ന് സിസോദിയ ട്വീറ്റിൽ വ്യക്തമാക്കി. ആയിരക്കണക്കിന് ബദൽ സംവിധാങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

'വിദ്യാർത്ഥികളുടെ ക്ഷേമത്തെക്കുറിച്ച് ചിന്തിക്കുക എന്നതായിരിക്കണം സർക്കാരിന്റെ ലക്ഷ്യം. ആയിരം ബദൽ സംവിധാനങ്ങൾ വേറെയുമുണ്ടാകാം.' സിസോദിയ ട്വീറ്റിൽ പറഞ്ഞു. ലോകമെമ്പാടും പുതിയ വിദ്യാഭ്യാസ സമ്പ്രദായങ്ങൾ സ്വീകരിക്കുന്നുണ്ടെന്നും ഇന്ത്യയിൽ എന്തുകൊണ്ടാണ് ഇത് നടപ്പിലാക്കാൻ സാധിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. പ്രവേശന പരീക്ഷകൾ അവസാനിപ്പിച്ച് ബദൽ സംവിധാനം ഏർപ്പെടുത്തണമെന്ന് സിസോദിയ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. 

ജെഇഇ, നീറ്റ് പരീക്ഷകൾ സെപ്റ്റംബറിൽ നടത്താനാണ് കേന്ദ്രത്തിന്റെ തീരുമാനം. ഇതിനകം തന്നെ അഡ്മിഷൻ കാർഡുകൾ നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി അയച്ചു കഴിഞ്ഞു. ആറര ലക്ഷത്തിലധികം വിദ്യാർത്ഥികൾ അഡ്മിഷൻ കാർഡ് ഡൗൺലോഡ് ചെയ്തതായി ഔദ്യോ​ഗിക വൃത്തങ്ങൾ അറിയിച്ചു.