തിരുവനന്തപുരം: കേരളത്തില്‍ എ.ഐ.സി.ടി.ഇ. അംഗീകാരമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിലെ എം.സി.എ. (മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്) കോഴ്സിലേക്ക് അപേക്ഷിക്കാം. രണ്ടുവര്‍ഷമാണ് കോഴ്സ്. ബി.സി.എ./കംപ്യൂട്ടര്‍ എന്‍ജിനിയറിങ് ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യത. ബി.എ./ബി.എസ്സി./ബി.കോം. ബിരുദം. മാത്തമാറ്റിക്സ് ഒരു വിഷയമായി 10+2 തലത്തിലോ, അഥവാ ബിരുദതലത്തില്‍ മാത്തമാറ്റിക്കല്‍ സയന്‍സ് (മാത്തമാറ്റിക്സ്, കംപ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്സ്, ഓപ്പറേഷന്‍സ് റിസര്‍ച്ച്) പഠിച്ച് 50 ശതമാനം മാര്‍ക്കോടെ വിജയിക്കണം. 

സംവരണ വിഭാഗക്കാര്‍ 45 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. 2020-'21 അധ്യയനവര്‍ഷത്തില്‍ ബ്രിഡ്ജ് കോഴ്സ് നടത്താന്‍ സാധിക്കാത്തതിനാല്‍ വിദ്യാര്‍ഥികള്‍ കെ.ടി.യു. പ്രകാരമുള്ള ഒരു ഓണ്‍ലൈന്‍ മൂക് കോഴ്സില്‍ എം.സി.എ. കോഴ്സിന്റെ പഠന കാലയളവില്‍ പ്രാവീണ്യം നേടേണ്ടതാണ്. അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

ജൂലായ് 25-ന് രാവിലെ 10.30 മുതല്‍ 12.30വരെ പ്രവേശന പരീക്ഷ നടത്തും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്. മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ലോജിക്കല്‍ എബിലിറ്റി, ഇംഗ്ലീഷ്, ജനറല്‍ നോളേജ് എന്നീ മേഖലകളില്‍നിന്നും ഒബ്ജക്ടീവ് മാതൃകയിലാകും പരീക്ഷ. http://lbscentre.kerala.gov.in/ വഴി ജൂലായ് 20 വരെ അപേക്ഷിക്കാം. വിദ്യാര്‍ഥികള്‍ പാസ്വേഡും രജിസ്ട്രേഷന്‍ ഐ.ഡി.യും രഹസ്യമായി സൂക്ഷിക്കണം. അപേക്ഷാഫോമിന്റെ പകര്‍പ്പ് എല്‍.ബി.എസ്. സെന്ററിലേക്ക് അയക്കേണ്ടതില്ല.