കോട്ടയം: ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകള്‍ സംയോജിപ്പിച്ച് സയന്‍സിലും സോഷ്യല്‍ സയന്‍സിലും പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എ., എം.എസ്‌സി. പ്രോഗ്രാമുകള്‍ മഹാത്മാഗാന്ധി സര്‍വകലാശാല ആരംഭിക്കുന്നു.

ഇന്റഗ്രേറ്റഡ് എം.എ. സോഷ്യല്‍സയന്‍സസ്

ഇക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ് എന്നീ മൂന്നു മെയിന്‍ ഉള്‍ക്കൊള്ളുന്നതാണ് സോഷ്യല്‍ സയന്‍സിലെ ഇന്റഗ്രേറ്റഡ് പ്രോഗ്രാം. ബി.എ., എം.എ. കോഴ്‌സുകള്‍ സംയോജിപ്പിച്ചാണ് പഞ്ചവത്സര പ്രോഗ്രാം. മുപ്പതു സീറ്റുകളാണുള്ളത്. ഇന്റഗ്രേറ്റഡ് കോഴ്‌സിന്റെ ബി.എ. തലത്തില്‍ ഇക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ് പ്രോഗ്രാമുകളാണുള്ളത്. എം.എ. തലത്തില്‍ ഡെവലപ്മെന്റ് സ്റ്റഡീസ്, ആന്ത്രപ്പോളജി, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ്, ഹിസ്റ്ററി, ഗാന്ധിയന്‍സ്റ്റഡീസ്, പബ്ലിക് പോളിസി ആന്‍ഡ് ഗവേണന്‍സ് സ്റ്റഡീസ്, ഹ്യൂമന്‍ റൈറ്റ്സ് എന്നീ പ്രോഗ്രാമുകള്‍.

മൂന്നുവര്‍ഷം കഴിഞ്ഞാല്‍ എക്‌സിറ്റ് ഓപ്ഷന്‍ തിരഞ്ഞെടുത്ത് ബി.എ. കരസ്ഥമാക്കാം. അല്ലെങ്കില്‍ സ്‌പെഷ്യലൈസ്ഡ് വിഷയത്തില്‍ പി.ജി. പൂര്‍ത്തീകരിക്കാം. ബന്ധപ്പെട്ട വിഷയങ്ങളില്‍ ബി.എ. വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് സീറ്റൊഴിവിന്റെയും യോഗ്യതയുടെയും അടിസ്ഥാനത്തില്‍ പി.ജി. പ്രോഗ്രാമിലേക്ക് ലാറ്ററല്‍ എന്‍ട്രി സൗകര്യവുമുണ്ട്.

ഇന്റഗ്രേറ്റഡ് മാസ്റ്റര്‍ ഓഫ് സയന്‍സ്

കെമിസ്ട്രി, ഫിസിക്‌സ്, ലൈഫ് സയന്‍സസ്, കംപ്യൂട്ടര്‍ സയന്‍സ്, എണ്‍വയോണ്‍മെന്റല്‍ സയന്‍സ് വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എസ്‌സി. പ്രോഗ്രാം. ത്രിവത്സര ഫൗണ്ടേഷന്‍ കോഴ്‌സായ ബി.എസ്‌സി.യും പി.ജി. കോഴ്‌സായ എം.എസ്‌സി.യും സംയോജിപ്പിച്ചാണ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം. സര്‍വകലാശാലയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റഗ്രേറ്റഡ് പ്രോഗ്രാംസ് ആന്‍ഡ് റിസര്‍ച്ച് ഇന്‍ ബേസിക് സയന്‍സസിലാണ് പ്രോഗ്രാം നടക്കുക.

ശാസ്ത്രവിഷയങ്ങള്‍ക്ക് പുറമേ സോഷ്യല്‍സയന്‍സ്, ഹ്യുമാനിറ്റീസ്, വിദേശഭാഷകള്‍ ഉള്‍പ്പെടെയുള്ള ഭാഷാപഠനം എന്നിവയും പാഠ്യപദ്ധതിയുടെ ഭാഗമാണ്. രാജ്യത്തെയും വിദേശത്തെയും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രോജക്ട്, ഇന്റേണ്‍ഷിപ്പ് എന്നിവ ചെയ്യാം. ഓരോവിഷയത്തിലും നാലുസീറ്റ് വീതമാണുള്ളത്. സയന്‍സ് വിഷയത്തില്‍ 60 ശതമാനം മാര്‍ക്കോടെയുള്ള വിജയമാണ് യോഗ്യത.

ഈ അക്കാദമിക വര്‍ഷം പ്രോഗ്രാം ആരംഭിക്കും. ദേശീയതലത്തില്‍ നടത്തുന്ന പ്രവേശനപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. കോവിഡ്-19 വ്യാപനസാഹചര്യത്തില്‍ ഈവര്‍ഷത്തെ പ്രവേശനപരീക്ഷ സംബന്ധിച്ച് തീരുമാനമായിട്ടില്ല. വിവരങ്ങള്‍ക്ക്: https://www.mgu.ac.in/