Asianet News MalayalamAsianet News Malayalam

ലോക്ഡൗൺ പ്രതിസന്ധിയിലും കേരളത്തില്‍ 4 മാസത്തിനുള്ളില്‍ ഒരു കോടി തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച് തൊഴിലുറപ്പ് പദ്ധതി

നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ നാലുമാസങ്ങളിൽ 8.3 ലക്ഷം കുടുംബങ്ങൾക്കാണ് തൊഴിലുറപ്പ് പദ്ധതി വഴിയുള്ള ആനുകൂല്യങ്ങൾ നേട്ടമായത്. 2020-21 വർഷങ്ങളിൽ 16.7 ലക്ഷം കുടംബങ്ങൾക്കാണ് തൊഴിലുറപ്പിലൂടെ തൊഴിൽ ലഭിച്ചത്. 

MGNREGS scheme creates one crore job days
Author
Trivandrum, First Published Aug 24, 2021, 2:14 PM IST

തിരുവനന്തപുരം: കൊവിഡും ലോക്ക്ഡൗണും സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിലും ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് കൈത്താങ്ങായി മ​ഹാത്മാ ​ഗാന്ധി ദേശീയ ​ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ നാലുമാസങ്ങളിൽ 8.3 ലക്ഷം കുടുംബങ്ങൾക്കാണ് തൊഴിലുറപ്പ് പദ്ധതി വഴിയുള്ള ആനുകൂല്യങ്ങൾ നേട്ടമായത്. 2020-21 വർഷങ്ങളിൽ 16.7 ലക്ഷം കുടുംബങ്ങൾക്കാണ് തൊഴിലുറപ്പിലൂടെ തൊഴിൽ ലഭിച്ചത്. കൊവിഡ് പ്രതിസന്ധി മൂലം കഷ്ടപ്പെട്ട ആയിരക്കണക്കിന് ആളുകൾക്ക് ഒരു ബദൽ ഉപജീവനമാർ​​ഗമായിരുന്നു ഈ പദ്ധതിയെന്ന് ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട്.   

തൊഴിലുറപ്പ് പദ്ധതിയുടെ 80 ശതമാനം ​ഗുണഭോക്താക്കളും സ്ത്രീകളാണ്. ഈ വർഷം ഏപ്രിൽ 1 മുതൽ ഓ​ഗസ്റ്റ് 1 വരെ 8.3 ലക്ഷം കുടുംബങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്ക് 1.09 കോടി വ്യക്തി​ഗത തൊഴിൽ ദിനങ്ങൾ സംസ്ഥാനത്ത് സൃഷ്ടിക്കാൻ  സാധിക്കുമെന്ന് കേന്ദ്ര ​ഗ്രാമ വികസന വകുപ്പ് മന്ത്രി ​ഗിരിരാജ് സിം​ഗ്  വ്യക്തമാക്കിയിരുന്നു. ഇത് സംസ്ഥാനത്തെ 19.5 ലക്ഷം സ്ത്രീ തൊഴിലാളികൾക്കും 5.28 ലക്ഷം പുരുഷ തൊഴിലാളികൾക്കും പ്രയോജനം ചെയ്തു. 

എല്ലാ ജില്ലകളിലും ഈ പദ്ധതി വിജയകരമായി മുന്നോട്ട് പോകുന്നുണ്ട്. ഈ വേ​ഗതയിൽ മുന്നോട്ട് പോയാൽ കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ കൂടുതൽ കുടുംബങ്ങൾക്ക് തൊഴിലുറപ്പ് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ആ​ഗസ്റ്റ് 20 ഓടെ ആകെ വ്യക്തി​ഗത ദിനങ്ങൾ 1.7 കോടി കവിഞ്ഞതായി ഔദ്യോ​ഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നു.  കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ 10.20 വ്യക്തി​ഗത തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാൻ സാധിച്ചു. 

കൊവിഡും ലോക്ക്ഡൗണും മൂലമുണ്ടായ തടസ്സങ്ങളെ മറികടന്ന് സംസ്ഥാനത്തെ ​ഗ്രാമീണ മേഖലയിലുള്ള പാവപ്പെട്ടവർക്ക് ഈ പദ്ധതി വളരെയധികം  സഹായകമായി എന്ന് എംജിഎൻആർഇജിഎസ് സംസ്ഥാന ഡയറക്ടർ ഡോക്ടർ എസ് ഷാനവാസ് പറഞ്ഞു. ''മ​ഹാത്മാ ​ഗാന്ധി ദേശീയ ​ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെട്ട തൊഴിലാളികളുടെ കുടുംബങ്ങളില്‍ ആത്മഹത്യകളൊന്നും സംഭവിച്ചിട്ടില്ലെന്ന് എനിക്ക് പറയാൻ സാധിക്കും. പ്രതിസന്ധി ഘട്ടത്തിൽ തങ്ങളുടെ കുടുംബങ്ങളെ സംരക്ഷിക്കുന്നതിൽ ഞങ്ങളുടെ തൊഴിലാളികൾ മികവ് പ്രകടിപ്പിച്ചു. കുടുംബശ്രീ മിഷന്റെ പ്രവർത്തനങ്ങളും റേഷൻ കടകളിലൂടെയുള്ള സൗജന്യ പലചരക്ക് വിതരണവും തൊഴിൽ പദ്ധതിയും നമ്മുടെ ജനങ്ങളെ ബുദ്ധിമുട്ടുകളിൽ നിന്ന് കര കയറാൻ സഹായിച്ചു.'' ഡോ. ഷാനവാസ് ദ് ന്യൂ ഇൻഡ്യൻ എക്സ്പ്രസിനോട്  പറഞ്ഞു. 

മഹാമാരിക്കാലത്ത് തൊഴിലുറപ്പ് പദ്ധതിയുടെ പ്രാധാന്യം മനസ്സിലാക്കിയ മിഷൻ ഡയറക്ടറേറ്റ് തൊഴിലാളികൾക്കായി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വാക്സിനേഷൻ ക്യാംപുകൾ ആരംഭിച്ചിരുന്നു. പദ്ധതി പ്രകാരം ഒരു അവിദ​ഗ്ദ്ധ തൊഴിലാളിക്ക് ഒരു ദിവസം 291 ​രൂപയാണ് വേതനം. കേന്ദ്രസർക്കാർ തൊഴിലുറപ്പ് പദ്ധതിക്ക് 3.5 ശതമാനം വർദ്ധനവ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ കേരളം, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ തൊഴിലാളികളുടെ വേതനം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതലായതിനാൽ ഈ വർദ്ധനവിൽ നിന്ന് ഒഴിവാക്കപ്പെട്ടു. കേരളത്തിൽ മൊത്തം 39.69 ലക്ഷം തൊഴില്‍ കാർഡുകൾ ലഭ്യമാക്കിയിട്ടുണ്ട്. അതിൽ 20.22 ലക്ഷം കാർഡുകൾ സജീവമാണ്. 2020-201 വർഷത്തിൽ ദേശീയതലത്തിൽ 7.55 കോടി കുടുംബങ്ങളാണ് തൊഴിലുറപ്പ് പദ്ധതിയുടെ ആനുകൂല്യങ്ങൾ നേടിയത്. 

തൊഴിലുറപ്പ് പദ്ധതിയുടെ കൂട്ടായ പ്രവർത്തനങ്ങൾ ക്രിയാത്മകമായി ഉപയോ​ഗിക്കുന്ന സുസ്ഥിര മാതൃകകൾ സൃഷ്ടിക്കുക എന്നതാണ് അടുത്ത ലക്ഷ്യമെന്ന് ഡോ. ഷാനവാസ് വ്യക്തമാക്കി. ''കഴിഞ്ഞ വർഷങ്ങളിലായി തൊഴിലുറപ്പ് തൊഴിലാളികൾ ചെയ്യുന്ന ജോലി റോഡ്, കനാൽ, വീട് എന്നിവയുടെ നിർമ്മാണ ജോലികൾ, ക്ലീനിം​ഗ്, കുളങ്ങൾ വൃത്തിയാക്കൽ, കൃഷിയിടങ്ങൾ ഒരുക്കൽ എന്നിവയാണ്. പഞ്ചായത്തുകളുടെ പദ്ധതികളുമായി തൊഴിലുറപ്പ് പദ്ധതിയെ സംയോജിപ്പിക്കാൻ ആലോചിക്കുന്നുണ്ട്. അതുവഴി കൂട്ടായ തൊഴിൽ ശക്തിയിലൂടെ ക്രിയാത്മകമായ പദ്ധതികൾ സൃഷ്ടിക്കാൻ സാധിക്കും.'' ഡോ ഷാനവാസ് കൂട്ടിച്ചേർത്തു. ഒരു സാമ്പത്തിക വർഷത്തിൽ ചുരുങ്ങിയത് 100 ജോലി എന്നതാണ് 2005 ലെ നിയമത്തിൽ പറയുന്നത്. കേരളത്തിൽ കഴിഞ്ഞ വർഷം ആദിവാസി മേഖലയിലെ തൊഴിലാളികൾക്ക് 200 ദിവസത്തെ തൊഴിൽ നൽകുമെന്ന് പറഞ്ഞിരുന്നു. . 

Follow Us:
Download App:
  • android
  • ios