2019 ൽ ഐഐടി പ്രവേശന പരീക്ഷ പാസ്സായപ്പോൾ അഞ്ജലിയുടെ കുടുംബം ട്വിറ്ററിലൂടെ മന്ത്രിയോട് സഹായമഭ്യർത്ഥിച്ചിരുന്നു. 


തെലങ്കാന: പെണ്‍കുട്ടിയുടെ തുടര്‍വിദ്യാഭ്യാസത്തിന് പിന്തുണ നല്‍കി തെലങ്കാന ഐ ടി മന്ത്രി കെ.ടി രാമറാവു. ഐഐടിയില്‍ പഠിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച അഞ്ജലി എന്ന വിദ്യാര്‍ത്ഥിനിക്കാണ് ഇദ്ദേഹം സഹായ ഹസ്തവുമായി എത്തിയത്. തെലങ്കാനയിലെ ചെറുപട്ടണമായ ഹസനപര്‍ത്തി സ്വദേശിനിയാണ് അഞ്ജലി. കോളേജ് ഫീസിനും ലാപ്ടോപ്പിനുുള്ള സാമ്പത്തിക സഹായമാണ് മന്ത്രി അഞ്ജലിക്ക് നൽകിയത്. 

ഓട്ടോറിക്ഷ ഡ്രൈവറാണ് അഞ്ജലിയുടെ അച്ഛൻ. പഠനത്തിൽ മികവ് പുലർത്തിയിരുന്ന അജ്ഞലി സർക്കാർ അധീനതയിലുള്ള റസിഡൻഷ്യൽ കോളേജിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്. ഇവിടെ പഠിക്കുന്ന സമയത്തും ഇദ്ദേഹം അഞ്ജലിയെ സഹായിച്ചിരുന്നു. 2019 ൽ ഐഐടി പ്രവേശന പരീക്ഷ പാസ്സായപ്പോൾ അഞ്ജലിയുടെ കുടുംബം ട്വിറ്ററിലൂടെ മന്ത്രിയോട് സഹായമഭ്യർത്ഥിച്ചിരുന്നു. 

ഉടൻ തന്നെ അദ്ദേഹം അച്ഛനെയും മകളെയും ഹൈദരാബാദിലെ ഔദ്യോ​ഗിക വസതിയായ പ്ര​ഗതി ഭവനിലേക്ക് ക്ഷണിക്കുകയും എന്തൊക്കെ സഹായങ്ങളാണ് വേണ്ടതെന്ന് തിരക്കുകയും ചെയ്തു. അജ്ഞലിയുടെ തുടർ വിദ്യാഭ്യാസത്തിന് വേണ്ട എല്ലാ പിന്തുണയും നൽകുമെന്ന് അദ്ദേഹം വാ​ഗ്ദാനം ചെയ്തു. തന്റെ കുടുംബത്തിന് നൽകി സഹായത്തിന് അജ്ഞലിയുടെ അച്ഛൻ രമേശം നന്ദി പറഞ്ഞു. സിവിൽ സർവ്വീസ് ഉദ്യോ​ഗസ്ഥയാകാനാണ് അഞ്ജലിയുടെ ആ​ഗ്രഹം.