ദില്ലി: കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് അസ്മ ഷെയ്ക്ക് എന്ന പെൺകുട്ടിയെക്കുറിച്ചുള്ള വാർത്ത മാധ്യമങ്ങളിൽ വാർത്തയായത്. എസ്എസ്‍സി പരീക്ഷയിൽ മികച്ച വിജയം നേടിയാണ് പതിനേഴുകാരിയായ അസ്മ വാർത്തകളിലിടം പിടിച്ചത്. മുംബൈ ആസാദ് മൈതാനിൽ ഫുട്പാത്തിലാണ് അസ്മയുടെ കുടുംബം താമസിച്ചിരുന്നത്. ശിവസേന എംഎൽഎ പ്രതാപ് സാർനായിക് ഈ പെൺകുട്ടിക്ക് വീടും ജോലിയും വാ​ഗ്ദാനം ചെയ്തിട്ടുണ്ട്. 

തെരുവ് വിളക്കിന്റെ വെളിച്ചത്തിലിരുന്നാണ് അസ്മ പഠിച്ചത്. അസ്മയുടെ പിതാവ് ജ്യൂസ് വിൽപനക്കാരനാണ്. സാഹചര്യങ്ങളെല്ലാം പ്രതികൂലമായിരുന്നിട്ടും മികച്ച ജീവിത സാഹചര്യങ്ങൾ ലഭിക്കാൻ വേണ്ടിയാണ് താൻ കഠിനമായി പരിശ്രമിച്ചതെന്ന് അസ്മ പറയുന്നു. ജീവിതകാലം മുഴുവൻ ഫുട്പാത്തിൽ ജീവിക്കേണ്ടി വന്ന അച്ഛനെ സഹായിക്കുക എന്നതും തന്റെ ജീവിതലക്ഷ്യമാണെന്ന് അസ്മ പറയുന്നു. സമൂഹമാധ്യമങ്ങളിൽ അസ്മയുടെ ജീവിതവും വിജയവും വൈറലായതോടെയാണ് ഇക്കാര്യം എംഎൽഎയുടെ ശ്രദ്ധയിൽ പെട്ടത്. 

തുടർപഠനത്തിന് പിന്തുണ നൽകാൻ അസ്മയ്ക്ക് പാർട്ട് ‍‍ടൈം ജോലി ഏർപ്പാടാക്കുമെന്നും എംഎൽഎ ട്വീറ്റിൽ വ്യക്തമാക്കി. എംഎംആർഡിഐ പദ്ധതിയിൽ‌ ഉൾപ്പെടുത്തി അസ്മയ്ക്ക് വീട് നിർമ്മിച്ചു നൽകാനും ശ്രമിക്കും. സ്വന്തം വീട്ടിലേക്ക് അച്ഛനെ കൊണ്ടുപോകുക എന്ന സ്വപ്നം പൂർ‌ത്തീകരിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.