Asianet News MalayalamAsianet News Malayalam

ഫസ്റ്റ്‌ബെല്ലിൽ ഇനി ഓഡിയോ ബുക്കുകളും ആംഗ്യ ഭാഷയിൽ പ്രത്യേക ക്ലാസുകളും

ഓരോ വിഷയവും ശരാശരി ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ക്‌ളാസുകളായാണ് ഒരുക്കിയിരിക്കുന്നത്. എംപി3 ഫോർമാറ്റിലുള്ള ഓഡിയോ ബുക്കുകൾ ഒരു റേഡിയോ പ്രോഗ്രാം പോലെ ശ്രവിക്കാനും വളരെയെളുപ്പം ഡൗൺലോഡ് ചെയ്യാനും സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാനും കഴിയും. 

more audio books and special classes in sign language at FirstBell
Author
Trivandrum, First Published Feb 8, 2021, 9:09 AM IST


തിരുവനന്തപുരം:  കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകളുടെ തുടർച്ചയായി പൊതുപരീക്ഷയുള്ള 10, 12 ക്ലാസുകളിലെ റിവിഷൻ ഭാഗങ്ങൾ പ്രത്യേക ഓഡിയോ ബുക്ക് രൂപത്തിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) പുറത്തിറക്കി. പത്താം ക്ലാസിലെ മുഴുവൻ വിഷയങ്ങളുടെയും റിവിഷൻ ക്ലാസുകൾ ആകെ പത്ത് മണിക്കൂറിനുള്ളിൽ കുട്ടികൾക്ക് കേൾക്കാൻ കഴിയുന്ന രൂപത്തിലുള്ള ഓഡിയോ ബുക്കുകൾ ഇന്ന് മുതൽ  firstbell.kite.kerala.gov.in ൽ ലഭ്യമാകുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു.

ഓരോ വിഷയവും ശരാശരി ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ക്‌ളാസുകളായാണ് ഒരുക്കിയിരിക്കുന്നത്. എംപി3 ഫോർമാറ്റിലുള്ള ഓഡിയോ ബുക്കുകൾ ഒരു റേഡിയോ പ്രോഗ്രാം പോലെ ശ്രവിക്കാനും വളരെയെളുപ്പം ഡൗൺലോഡ് ചെയ്യാനും സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാനും കഴിയും. ആവശ്യമുള്ളവർക്ക് ഹൈടെക് പദ്ധതികളുടെ ഭാഗമായി സ്‌കൂളുകളിൽ ഒരുക്കിയിട്ടുള്ള ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം പ്രയോജനപ്പെടുത്തി ഇവ ഡൗൺലോഡ് ചെയ്യാനാവും.

ശ്രവണ പരിമിതരായ കുട്ടികൾക്കായി ആംഗ്യഭാഷയിൽ (സൈൻ ലാംഗ്വേജ് അഡാപ്റ്റഡ്) തയ്യാറാക്കിയ പ്രത്യേക ക്ലാസുകളും തയ്യാറായി. കേൾവി പരിമിതരായ 280-ഓളം കുട്ടികൾക്ക് അധ്യാപകരുടെ പ്രത്യേക ക്ലാസുകളാണ് സ്‌കൂളുകൾ കേന്ദ്രീകരിച്ച്  നൽകിവരുന്നത്. എന്നാൽ റിവിഷൻ ക്ലുാസുകൾ ഇവർക്ക് ഇനിമുതൽ പൊതുവായി കാണാനാകും. ഈ മേഖലയിലെ അധ്യാപകർക്ക് എസ്.സി.ഇ.ആർ.ടി സൈൻ അഡാപ്റ്റഡ് രീതിയിൽ പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്.

നേരത്തെതന്നെ കാഴ്ചപരിമിതർക്ക് ഉപയോഗിക്കാനായി സ്വതന്ത്രസോഫ്റ്റ്‌വെയറിലുള്ള 'ഓർക്ക' സ്‌ക്രീൻ റീഡിംഗ് സോഫ്റ്റ്‌വെയർ കൈറ്റ് സ്‌കൂളുകളിലേക്കുള്ള ലാപ്‌ടോപ്പുകളിൽ ലഭ്യമാക്കിയിരുന്നു. അധ്യാപകർക്ക് പ്രത്യേക ഐ.സി.ടി. പരിശീലനം നൽകുകയും ചെയ്തിട്ടുണ്ട്.

പൊതുവിഭാഗത്തിന് പുറമെ തമിഴ്, കന്നട മീഡിയം ക്ലാസുകൾ ഉൾപ്പെടെ 6300 ക്ലാസുകൾ (3150 മണിക്കൂർ) ഇതിനകം ഫസ്റ്റ്‌ബെല്ലിന്റെ ഭാഗമായി സംപ്രേഷണം ചെയ്തു. പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്കായി എസ്.എസ്.കെ-യുടെ വൈറ്റ്‌ബോർഡ് പദ്ധതിയും നിലവിലുണ്ട്. ഇതോടൊപ്പം ശ്രവണ പരിമിതിയുള്ളവർക്കും കാഴ്ച പരിമിതിയുള്ളവർക്കും പൊതുപരീക്ഷയെ അഭിമുഖീകരിക്കാൻ പ്രത്യേക സംവിധാനങ്ങൾ കൂടി ഒരുക്കിയതോടെ ഫസ്റ്റ്‌ബെല്ലിന്റെ ഭാഗമായി രാജ്യത്ത് പുതിയ മാതൃക സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്.

Follow Us:
Download App:
  • android
  • ios