കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ തത്സമയ ഓണ്‍ലൈന്‍ വഴിയാണ് കലാമത്സരങ്ങള്‍ നടന്നത്. പൊതുവിദ്യാലയങ്ങളിലെ 18 കുട്ടികളാണ് കേരളത്തെ പ്രതിനിധീകരിച്ച് മത്സരങ്ങളില്‍ പങ്കെടുത്തത്.

തിരുവനന്തപുരം : കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം സംഘടിപ്പിച്ച ദേശീയ കലാ ഉത്സവില്‍ കേരളത്തില്‍ നിന്നുള്ള മൂന്ന് കുട്ടികള്‍ക്ക് ഒന്നാം സ്ഥാനം ലഭിച്ചു. ശാസ്ത്രീയ നൃത്തം, ചിത്രരചന, കളിപ്പാട്ട നിര്‍മാണയിനങ്ങളിലാണ് കേരളം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ തത്സമയ ഓണ്‍ലൈന്‍ വഴിയാണ് കലാമത്സരങ്ങള്‍ നടന്നത്. പൊതുവിദ്യാലയങ്ങളിലെ 18 കുട്ടികളാണ് കേരളത്തെ പ്രതിനിധീകരിച്ച് മത്സരങ്ങളില്‍ പങ്കെടുത്തത്.

ആണ്‍കുട്ടികളുടെ ശാസ്ത്രീയ നൃത്തയിനത്തില്‍ എറണാകുളം, കൊങ്ങോര്‍പ്പിള്ളി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സി.എസ്. ആനന്ദ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കണ്ണൂര്‍ അഴിക്കോട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി അക്ഷയ ഷമീറിനാണ് ചിത്രരചന (ജലഛായം വിഭാഗം) യില്‍ ഒന്നാം സ്ഥാനം. സ്വദേശി ഉല്പന്നങ്ങളിലെ കളിപ്പാട്ടനിര്‍മാണ മത്സരയിനത്തില്‍ വയനാട് കല്ലോടി, സെന്റ് ജോസഫ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ബെനീറ്റ വര്‍ഗീസിനും ഒന്നാം സ്ഥാനം ലഭിച്ചു. ആണ്‍കുട്ടികളുടെ ശാസ്ത്രീയ മത്സരത്തില്‍ കണ്ണൂര്‍ ബര്‍ണശേരി സെന്റ് മൈക്കിള്‍ ഏഞ്ചലോ ഇന്ത്യന്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി എസ്.ഗോപികൃഷ്ണന് മൂന്നാം സ്ഥാനവും ലഭിച്ചു.

ജനുവരി 11 മുതല്‍ 22 വരെയായിരുന്നു മത്സരങ്ങള്‍ . വിവിധ ജില്ലകളിലെ പൊതുവിദ്യാലയങ്ങളില്‍ നിന്നായി സംസ്ഥാനതലത്തില്‍ നടന്ന തെരഞ്ഞെടുപ്പിലൂടെയാണ് ദേശീയ കലാഉത്സവില്‍ കുട്ടികളെ പങ്കെടുപ്പിച്ചത്. വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വരും ദിവസങ്ങളില്‍ വിതരണം ചെയ്യുമെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം പ്രതിനിധികള്‍ അറിയിച്ചതായി സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ.എ.പി.കുട്ടിക്കൃഷ്ണന്‍ അറിയിച്ചു.