പരീക്ഷകൾ മാറ്റമില്ലാതെ നേരത്തെ നിശ്ചയിച്ച തിയ്യതികളിൽ തന്നെ നടക്കും. ജസ്റ്റിസ് അശോക്ഭൂഷണിന്റെ നേതൃത്വത്തിലുള്ള ജഡ്ജിമാരാണ് ഹർജി തള്ളിയത്. 

ദില്ലി: രാജ്യത്തെ നീറ്റ്-ജെഇഇ പരീക്ഷകൾ മുൻ നിശ്ചയിച്ച തിയ്യതികളിൽ തന്നെ നടക്കും. പരീക്ഷ നടത്താൻ അനുമതി നൽകിയ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി തള്ളി. പ്രതിപക്ഷ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാര്‍ നൽകിയ പുനപരിശോധന ഹർജികളാണ് ജസ്റ്റിസ് അശോക്ഭൂഷണിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് തളളിയത്. 

നീറ്റ്-ജെ.ഇ.ഇ പരീക്ഷകൾക്ക് നടത്താൻ ഓഗസ്റ്റ് 17ലെ വിധിയിലൂടെ സുപ്രീംകോടതി നേരത്തെ അനുമതി നൽകിയിരുന്നു. വിധി പുനഃപരിശോധിക്കേണ്ട പുതിയ സാഹചര്യങ്ങളില്ലെന്ന് കോടതി കണ്ടെത്തി. ഒന്നാം തിയതി മുതൽ ആരംഭിച്ച ജെഇഇ പരീക്ഷകൾ ആറാംതിയതി വരെ തുടരും. ഈമാസം 13നാണ് നീറ്റ് പരീക്ഷ നടത്തുക. 

കൊവിഡ് മഹാമാരിയുടെ വ്യാപനവും മരണസംഖ്യയും വർധിച്ചുകൊണ്ടിരിക്കെ‌ സാമ്പ്രദായിക രീതിയിൽ നീറ്റ്-ജെഇഇ പരീക്ഷകൾ നടത്താനുള്ള തീരുമാനത്തിനെതിരെ വിദ്യാര്‍ത്ഥികളും പ്രതിപക്ഷവും വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. കൊവിഡ് സാഹചര്യത്തിൽ പരീക്ഷ നടത്തുന്നതിനെതിരെ സോണിയഗാന്ധി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിൽ എടുത്ത തീരുമാനപ്രകാരമാണ് പ്രതിപക്ഷം ഭരിക്കുന്ന ഏഴു സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ വ്യക്തിപരമായാണ് കോടതിയെ സമീപിച്ചത്. 

ജസ്റ്റിസ് അരുണ്‍ മിശ്ര വിരമിച്ച സാഹചര്യത്തിൽ ജസ്റ്റിസ് അശോക് ഭൂഷണിന്‍റെ നേതൃത്വത്തിൽ മൂന്ന് ജഡ്ജിമാര്‍ വീഡിയോ കോണ്‍ഫറൻസിംഗ് വഴിയാണ് പുനഃപരിശോധന ഹര്‍ജി പരിശോധിച്ചത്. സിബിഎസ്ഇ കംപാര്‍ട്മെന്‍റ് പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാര്‍ത്ഥികളും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കേസിൽ സിബിഎസ്ഇക്ക് കോടതി നോട്ടീസ് അയച്ചു. ഈമാസം ഏഴിനകം സിബിഎസ്.ഇ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട കോടതി കേസ് പത്താം തിയതിയിലേക്ക് മാറ്റിവെച്ചു. സെപ്റ്റംബര്‍ അവസാന ആഴ്ചയിൽ കംപാര്‍ടുമെന്‍റ് പരീക്ഷ നടത്താനാണ് സിബിഎസ്ഇ തീരുമാനം.