ദില്ലി: നീറ്റ്, ജെഇഇ മെയിൻ പരീക്ഷകളുടെ പുതിയ തീയതികൾ പ്രഖ്യാപിച്ചു. ജൂലൈ 26നാണ് നീറ്റ് പരീക്ഷ നടത്തുക. ജെഇഇ മെയിൻ പരീക്ഷ ജൂലൈ 18 മുതൽ 23 വരെ നടത്തും. ജെഇഇ അഡ്വാൻസ് പരീക്ഷ ഓഗസ്റ്റിൽ നടത്തുമെന്നും മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു. കൊവിഡ് 19 വ്യാപനത്തെ തുടർന്ന് പരീക്ഷകൾ മാറ്റി വച്ചിരിക്കുകയായിരുന്നു. നേരത്തെ പ്രവേശന പരീക്ഷകൾ ഏപ്രിൽ- മെയ് മാസങ്ങളിലായിട്ടാണ് നടത്താൻ തീരുമാനിച്ചിരുന്നത്. നാഷണൽ ടെസ്റ്റിം​ഗ് ഏജൻസിയാണ് രണ്ട് പരീക്ഷകളും നടത്തുന്നത്.

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തീയതികൾ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും കേന്ദ്ര  മന്ത്രി അറിയിച്ചു. പ്രവേശനപരീക്ഷകൾ നടത്തുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (എൻ‌ടി‌എ) ഔദ്യോഗിക വെബ്‌സൈറ്റിൽ ജെഇഇ മെയിൻ, നീറ്റ് പരീക്ഷകൾ സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കും. വിദ്യാർത്ഥികളുടെ അഡ്‌മിറ്റ്‌ കാർഡുകളും ഉടൻ ലഭ്യമാക്കും. ചില സംസ്ഥാനങ്ങളിൽ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പൊതു പരീക്ഷയും പൂർത്തിയായിട്ടില്ല. ലോക്ക്  ഡൗൺ  അവസാനിച്ചതിന് ശേഷം സ്ഥിതിഗതികൾ കണക്കിലെടുത്താവും പരീക്ഷാത്തീയതികൾ പ്രഖ്യാപിക്കുന്നത്.