Asianet News MalayalamAsianet News Malayalam

നെറ്റിന് അപേക്ഷിക്കാൻ സമയമായി; പരീക്ഷ ജൂണിൽ

സര്‍വകലാശാലകളിലും കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയ്ക്ക് അപേക്ഷിക്കാനുള്ള അര്‍ഹത,  ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് (ജെ.ആര്‍.എഫ്.) അര്‍ഹത, എന്നിവ നിര്‍ണയിക്കുന്ന ദേശീയ എലിജിബിലിറ്റി ടെസ്റ്റുകള്‍ക്ക് (നെറ്റ്) അപേക്ഷിക്കാം. 

NET exam will be at June apply now
Author
Delhi, First Published Mar 17, 2020, 4:53 PM IST

ദില്ലി: സര്‍വകലാശാലകളിലും കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയ്ക്ക് അപേക്ഷിക്കാനുള്ള അര്‍ഹത,  ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് (ജെ.ആര്‍.എഫ്.) അര്‍ഹത, എന്നിവ നിര്‍ണയിക്കുന്ന ദേശീയ എലിജിബിലിറ്റി ടെസ്റ്റുകള്‍ക്ക് (നെറ്റ്) അപേക്ഷിക്കാം. ജൂണിലാണ് പരീക്ഷ. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ്  കംപ്യൂട്ടര്‍ അധിഷ്ഠിത രീതിയില്‍ പരീക്ഷ നടത്തുന്നത്. രണ്ടു ഷിഫ്റ്റുകളിലായി രണ്ടുപരീക്ഷകളും നടക്കും. ആദ്യ ഷിഫ്റ്റ്, രാവിലെ 9.30 മുതല്‍ 12.30 വരെയും രണ്ടാം ഷിഫ്റ്റ്, ഉച്ചയ്ക്ക് 2.30 മുതല്‍ 5.30 വരെയുമായിരിക്കും. ചോദ്യങ്ങള്‍ മള്‍ട്ടിപ്പിള്‍ ചോയ്‌സ് രീതിയിലായിരിക്കും.

കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സി.എസ്.ഐ.ആര്‍.), യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍ (യു.ജി.സി.) ജോയന്റ് സി.എസ്.ഐ.ആര്‍. - യു.ജി.സി. നെറ്റ് ശാസ്ത്രമേഖലയിലെ വിഷയങ്ങള്‍ക്കായാണ് നടത്തുന്നത്. ലൈഫ് സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ്, കെമിക്കല്‍ സയന്‍സസ്, മാത്തമാറ്റിക്കല്‍ സയന്‍സസ്, എര്‍ത്ത് അറ്റ്‌മോസ്ഫറിക് ഓഷ്യന്‍ ആന്‍ഡ് പ്ലാനറ്ററി സയന്‍സസ് എന്നീ അഞ്ചു വിഷയങ്ങളിലായി പരീക്ഷ ജൂണ്‍ 21-ന് നടക്കും.

ഒരു പേപ്പറാണുള്ളത്. അതില്‍ മൂന്നുഭാഗങ്ങളില്‍ നിന്നുമായി ചോദ്യങ്ങള്‍ ഉണ്ടാകും. വിഷയമനുസരിച്ച് ചോദ്യങ്ങളുടെ എണ്ണത്തില്‍ മാറ്റമുണ്ടാകും. ഫലപ്രഖ്യാപനം, ജൂലായ് രണ്ടാംവാരം പ്രതീക്ഷിക്കാം. അപേക്ഷ csirnet.nta.nic.in വഴി ഏപ്രില്‍ 15-ന് രാത്രി 11.50 വരെയും ഫീസ് 16-ന് രാത്രി 11.50 വരെയും നല്‍കാം. ഫീസ്: ജനറല്‍, ജനറല്‍ - ഇ.ഡബ്ല്യു.എസ്. - 1000 രൂപ, ഒ.ബി.സി. (എന്‍.സി.എല്‍.) - 500 രൂപ, പട്ടികവിഭാഗം - 250 രൂപ. ഭിന്നശേഷിവിഭാഗത്തിന് അപേക്ഷാഫീസില്ല.

യു.ജി.സി നെറ്റ്

ചില ശാസ്ത്ര വിഷയങ്ങളൊഴിച്ചാല്‍ മുഖ്യമായും ശാസ്ത്ര ഇതര മേഖലകളിലെ വിഷയങ്ങള്‍ക്കാണ് (ഹ്യുമാനിറ്റീസ്, സോഷ്യല്‍ സയന്‍സസ്, ഭാഷാ വിഷയങ്ങള്‍ മുതലായവ) യു.ജി.സി. നെറ്റ് നടത്തുന്നത്. മൊത്തം 81 വിഷയങ്ങളില്‍ ജൂണ്‍ 15 മുതല്‍ 20 വരെ നടക്കും. മാസ്റ്റേഴ്സ് ബിരുദം/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. മാര്‍ക്ക് വ്യവസ്ഥയുണ്ട്. യോഗ്യതാ പരീക്ഷയ്ക്ക് പഠിക്കുന്നവര്‍ക്കും വ്യവസ്ഥകള്‍ക്കു വിധേയമായി അപേക്ഷിക്കാം. ജെ.ആര്‍.എഫിന് പ്രായപരിധിയുണ്ട്.

രണ്ടു പേപ്പറുകളുള്ള പരീക്ഷയാണ്. പേപ്പര്‍ I - 100 മാര്‍ക്കിനും (50 ചോദ്യങ്ങള്‍), പേപ്പര്‍ II - 200 മാര്‍ക്കിനും (100 ചോദ്യങ്ങള്‍). രണ്ടു പേപ്പറുകളും ഇടവേളയില്ലാതെ നടത്തും. ഫലപ്രഖ്യാപനം ജൂലായ് അഞ്ചിന് പ്രതീക്ഷിക്കാം. അപേക്ഷ ഏപ്രില്‍ 16-ന് രാത്രി 11.50 വരെ ugcnet.nta.nic.in വഴി നല്‍കാം. ഫീസ് 17-ന് രാത്രി 11.50 വരെ അടയ്ക്കാം. ഫീസ്: ജനറല്‍ - 1000 രൂപ, ജനറല്‍ - ഇ.ഡബ്ല്യു.എസ്., ഒ.ബി.സി. (എന്‍.സി.എല്‍.) - 500 രൂപ, പട്ടിക/ഭിന്നശേഷി/ട്രാന്‍സ് ജന്‍ഡര്‍ വിഭാഗങ്ങള്‍ - 250 രൂപ.

Follow Us:
Download App:
  • android
  • ios