പരീക്ഷകൾ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പുതിയ നടപടി. ഇന്നലെ രാത്രിയാണ് പുതിയ സർക്കുലർ ഇറക്കിയത്.

ദില്ലി: പരീക്ഷ ദിവസം തന്നെ ഉത്തരപ്പേപ്പറുകൾ മൂല്യനിർണ്ണയം (exam evaluation) നടത്തുന്ന രീതി അവസാനിപ്പിക്കാൻ തീരുമാനിച്ച് സിബിഎസ്ഇ (CBSE). ഉത്തരപ്പേപ്പറുകൾ ഇന്നു മുതൽ രീജണൽ ഓഫീസുകളിലേക്ക് അയ്ക്കാൻ നിർദ്ദേശം. ഉത്തരപേപ്പറുകളുടെ മൂല്യനിർണ്ണയം പരീക്ഷ സെൻ്ററുകളിൽ തന്നെ നടത്തുന്ന രീതിയായിരുന്നു ഇതുവരെ പാലിച്ചു പോന്നിരുന്നത്. പരീക്ഷകൾ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പുതിയ നടപടി. ഇന്നലെ രാത്രിയാണ് പുതിയ സർക്കുലർ ഇറക്കിയത്.

സിബിഎസ് ഇ കൺട്രോളർ ഓഫ് എക്സാമിനേഷൻ സന്യം ഭരദ്വാജ് ആണ് ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. 'ഡിസംബർ 16 മുതൽ ഡിസംബർ 30 ന് പരീക്ഷകൾ അവസാനിക്കുന്നത് വരെ14000 പരീക്ഷ കേന്ദ്രങ്ങളിൽ പുതിയ സംവിധാനം നടപ്പിലാക്കാൻ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. പരീക്ഷ കേന്ദ്രങ്ങളിലെ സൂപ്രണ്ടുമാർ പരീക്ഷക്ക് ശേഷം ഒഎംആർ ഷീറ്റുകൾ ഇൻവിജിലേറ്ററിന്റെ സാന്നിദ്ധ്യത്തിൽ 15 മിനിറ്റിനകം സീൽ ചെയ്യും. ഇൻവിജിലേറ്ററും സൂപ്രണ്ടും സീൽ ചെയ്ത പാക്കറ്റിൽ ഒപ്പിടുകയും പാക്കിം​ഗ് സമയം സൂചിപ്പിക്കുകയും ചെയ്യും. പാക്ക് ചെയ്ത ഒഎംആർ ഷീറ്റുകൾ അതാത് മേഖല ഓഫീസുകളിലേക്ക് അയക്കും.' സർക്കുലറിൽ പറയുന്നു.