ദില്ലി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ് 2021 റദ്ദാക്കുന്ന കാര്യം പരി​ഗണനയിലില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്റിയാല്‍. നീറ്റ് പരീക്ഷ റദ്ദാക്കിയാല്‍ അത് രാജ്യത്തിനും ലക്ഷകണക്കിന് വരുന്ന വിദ്യാര്‍ഥികള്‍ക്കും വലിയ നഷ്ടമായി മാറുമെന്നും മന്ത്രി പ്രതികരിച്ചു. വെബിനാറില്‍ വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തുകയായിരുന്നു മന്ത്രി.

2021ലെ ബോര്‍ഡ്, പ്രവേശന പരീക്ഷകളെ കുറിച്ച് ആശങ്കകള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. വരാനിരിക്കുന്ന നീറ്റ് പരീക്ഷ റദ്ദാക്കിയാല്‍ രാജ്യത്തിനും ലക്ഷകണക്കിന് വരുന്ന വിദ്യാര്‍ഥികള്‍ക്കും വലിയ നഷ്ടം ഉണ്ടാക്കും. നിലവില്‍ എഴുത്തുപരീക്ഷയായാണ് നീറ്റ് നടത്തുന്നത്. ദേശീയ ടെസ്റ്റിങ് ഏജന്‍സിക്കാണ് പരീക്ഷയുടെ ചുമതല. ഓണ്‍ലൈന്‍ മാതൃകയില്‍ പരീക്ഷ നടത്തുന്ന കാര്യത്തെ കുറിച്ച് സര്‍ക്കാര്‍ ചിന്തിച്ചുവരികയാണെന്ന് മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ മാതൃകയില്‍ പരീക്ഷ എഴുതണമെന്ന്‌ ആവശ്യം ഉന്നയിച്ചാല്‍ സര്‍ക്കാര്‍ ഇക്കാര്യം പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.