ദില്ലി: എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ മാനേജര്‍, എക്‌സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷിക്കാം. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റായ aai.aero സന്ദര്‍ശിച്ച് ഓണ്‍ലൈനായി ഡിസംബര്‍ 15 മുതല്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. 368 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 2021 ജനുവരി 14 വരെ അപേക്ഷിക്കാന്‍ സമയമുണ്ട്.

സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ മാനേജര്‍ തസ്തികയിലേക്ക് അപേക്ഷിക്കുകയാണെങ്കില്‍ നിലവില്‍ കുറഞ്ഞത് 11 ലക്ഷം സി.ടി.സി വാര്‍ഷിക ശമ്പളം വാങ്ങുന്നവരായിരിക്കണം. മാനേജര്‍ (ഫയര്‍ സര്‍വീസ്)- 11, മാനേജര്‍ (ടെക്‌നിക്കല്‍)-2, ജൂനിയര്‍ എക്‌സിക്യൂട്ടീവ് (എയര്‍ ട്രാഫിക് കണ്‍ട്രോള്‍)- 264, ജൂനിയര്‍ എക്‌സിക്യൂട്ടീവ്(എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ്)- 83, ജൂനിയര്‍ എക്‌സിക്യൂട്ടീവ്- 8 എന്നിങ്ങനെയാണ് ഒഴിവുകള്‍. ഓരോ തസ്തികയിലേക്കും അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത വിശദമായി വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. മാനേജര്‍ പോസ്റ്റിലേക്ക് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 32 വയസാണ്. ജൂനിയര്‍ എക്‌സിക്യൂട്ടീവ് പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവര്‍ 27 വയസില്‍ കുറയാന്‍ പാടില്ല. 2020 നവംബര്‍ 30 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.

ഓണ്‍ലൈന്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും. ഇവരെ ഡോക്യുമെന്റ് വെരിഫിക്കേഷന്‍/ ഇന്റര്‍വ്യൂ/ ഫിസിക്കല്‍ മെഷര്‍മെന്റ്, എന്‍ഡ്യൂറന്‍സ് ടെസ്റ്റ്/ ഡ്രൈവിങ് ടെസ്റ്റ്/ വോയ്‌സ് ടെസ്റ്റ് തുടങ്ങിയവയ്ക്കായി വിളിക്കും. ഓണ്‍ലൈന്‍ പരീക്ഷയില്‍ തെറ്റുത്തരത്തിന് നെഗറ്റീവ് മാര്‍ക്കുണ്ടായിരിക്കുന്നതല്ല. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ആപേക്ഷാ ഫീസായി 1000 രൂപ അടയ്ക്കണം. എസ്.സി/ എസ്.ടി/ വനിതകള്‍ എന്നിവര്‍ക്ക് 170 രൂപ അടച്ചാല്‍ മതിയാകും. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.