ദില്ലി: രണ്ട് മുറിക്കുള്ളിലായി തിങ്ങി നിറഞ്ഞ് ജീവിക്കുന്നത് ഒൻപത് പേർ. ഇക്കഴിഞ്ഞ സിബിഎസ്ഇ പരീക്ഷയിൽ 91.7 ശതമാനം മാർക്ക് നേടി വിജയിച്ച പരമേശ്വർ എന്ന വിദ്യാർത്ഥിയുടെ ജീവിതാവസ്ഥയാണിത്. നിരവധി പ്രതികൂല സാഹചര്യങ്ങൾക്കുള്ളിൽ നിന്നുകൊണ്ടാണ് പരമേശ്വർ മികച്ച വിജയം നേടിയിരിക്കുന്നത്. ദില്ലിയിലെ ടൈ​ഗ്രി ചേരിയിലാണ് പരമേശ്വറിന്റെ കുടുംബം താമസിക്കുന്നത്. ഈ വീട്ടിൽ എപ്പോഴുമുണ്ടായിട്ടുള്ളത് വിശപ്പ് മാത്രമാണ്. അതുകൊണ്ട് തന്നെ എന്തെങ്കിലും വരുമാന മാർ​ഗം കണ്ടെത്താനാണ് ഈ വിദ്യാർത്ഥി ശ്രമിച്ചത്. 

ഖര​ഗ്പൂരിൽ കാറുകൾ കഴുകുന്ന ജോലിയാണ് പരമേശ്വർ ചെയ്തു കൊണ്ടിരുന്നത്. പത്താം ക്ലാസ് മുതൽ പരമേശ്വർ ഈ ജോലിക്ക് പോയിത്തുടങ്ങി. പ്രതിമാസം 3000 രൂപ ലഭിക്കും. ഈ തുക യൂണിഫോമിനും പുസ്തകങ്ങൾക്കും ചെലവാക്കും. ദില്ലിയിലെ അതിശൈത്യത്തിന്റെ സമയത്തും പുലർച്ചെ നാലുമണിക്ക് എഴുന്നേറ്റ് പരമേശ്വർ കാറുകൾ കഴുകാൻ പോകും. അരമണിക്കൂറോളം നടന്നാണ് ജോലി ചെയ്യുന്ന സ്ഥലത്തെത്തുന്നത്. രണ്ടര മണിക്കൂർ കൊണ്ട് 10-15 കാറുകൾ കഴുകും. ആഴ്ചയിൽ ആറ് ദിവസവും പരമേശ്വർ ജോലിക്ക് പോകും. 

'ശൈത്യകാലത്ത് രാവിലെ എഴുന്നേറ്റ് ജോലിക്ക് പോകുന്നത് എളുപ്പമുള്ള കാര്യമല്ല. വെള്ളത്തിൽ തൊടുമ്പോൾ‌ കൈകളും വിരലുകളും മരവിച്ച അവസ്ഥയിലാകും. ചില ആളുകൾ ശകാരിക്കും. വളരെ തുച്ഛമായ പണത്തിന് വേണ്ടി എല്ലാ അപമാനവും സഹിക്കും.' പരമേശ്വർ പറഞ്ഞു. പക്ഷേ തോറ്റു പിൻമാറാൻ ഈ കൗമാരക്കാരൻ തയ്യാറായില്ല. വിദ്യാഭ്യാസം മുന്നോട്ട് പോകണമെങ്കിൽ ഈ ജോലി അത്യാവശ്യമായിരുന്നു. അറുപത്തിരണ്ട് വയസ്സുള്ള പിതാവ് ഹൃദ്രോ​ഗിയാണ്. കുടുംബം സംരക്ഷിക്കാൻ സ്ഥിരമായ വരുമാനമൊന്നും സഹോദരൻമാർക്ക് ഉണ്ടായിരുന്നില്ല. അവരെ ബുദ്ധിമുട്ടിക്കാൻ കഴിയാത്തത് കൊണ്ടാണ് താൻ ജോലിക്ക് പോകാൻ തീരുമാനിച്ചതെന്നും പരമേശ്വർ പറയുന്നു. 

പ്രതിസന്ധികൾ അവിടെയും അവസാനിച്ചില്ല. കഴി‍ഞ്ഞ മാർച്ചിലായിരുന്നു പിതാവിന്റെ ശസ്ത്രക്രിയ. പരമേശ്വറായിരുന്നു ആശുപത്രിയിൽ സഹായത്തിനുണ്ടായിരുന്നത്. ഹിന്ദി പരീക്ഷയ്ക്ക് പഠിച്ചത് ആശുപത്രിയിലിരുന്നായിരുന്നു എന്ന് പരമേശ്വർ പറയുന്നു. പ്രതിസന്ധികളുടെ സമയത്ത് ആശാ സൊസൈറ്റി എന്ന എൻജിഒ ആണ് എല്ലാ സഹായവും നൽകിയത്. ദില്ലി സർവ്വകലാശാലയിൽ ഇം​ഗ്ലീഷ് ഓണേഴ്സിന് അപേക്ഷിക്കാനുള്ള സഹായവും ഇവർ ചെയ്തു. 

ഭാവിയിൽ അധ്യാപകനാകാനാണ് പരമേശ്വറിന്റെ ആ​ഗ്രഹം. 'മറ്റുള്ളവരെ സ​ഹായിക്കാനുള്ള അറിവ് നേടാൻ ഞാൻ ആ​​ഗ്രഹിക്കുന്നു. പഠിക്കാനും ട്യൂഷന് പോകാനും സാധിക്കാത്ത നിരവധി വിദ്യാർത്ഥികളുണ്ട്.' പരമേശ്വറിന്റെ വാക്കുകൾ.