Asianet News MalayalamAsianet News Malayalam

നിർമ്മിച്ചത് 2 കോടി 30 ലക്ഷത്തിലധികം മാസ്കുകൾ; എൻഎസ്എസ് വോളന്‍റിയർമാരെ അഭിനന്ദിച്ച് രാഷ്ട്രപതി, പുരസ്കാരം നൽകി

പഠനം എന്നത് ഒരു ആജീവനാന്ത പ്രക്രിയ ആണെങ്കിലും അടിസ്ഥാന വ്യക്തിത്വ വികസനം ആരംഭിക്കുന്നത് വിദ്യാർത്ഥി ജീവിതത്തിലാണ് എന്ന് രാഷ്ട്രപതി പറഞ്ഞു

president of india ram nath kovind distributes national service scheme award
Author
New Delhi, First Published Sep 24, 2021, 7:21 PM IST

ദില്ലി: 2019-20 വർഷത്തെ എൻ എസ് എസ് അവാർഡുകൾ രാഷ്ട്രപതി (President Of India) രാം നാഥ് കോവിന്ദ് (Ram Nath Kovind) വെർച്വൽ ചടങ്ങിലൂടെ വിതരണം ചെയ്തു.  കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 2 കോടി 30 ലക്ഷത്തിലധികം മാസ്കുകൾ നി‍ർമ്മിച്ച എൻ എസ് എസ് (National Service Scheme) വോളന്റിയർമാരെ രാഷ്ട്രപതി അഭിനന്ദിച്ചു. പഠനം എന്നത് ഒരു ആജീവനാന്ത പ്രക്രിയ ആണെങ്കിലും അടിസ്ഥാന വ്യക്തിത്വ വികസനം ആരംഭിക്കുന്നത് വിദ്യാർത്ഥി ജീവിതത്തിലാണ് എന്ന് രാഷ്ട്രപതി പറഞ്ഞു. അതുകൊണ്ടുതന്നെ എൻ എസ് എസിനെ ഒരു ദർശനാത്മക പദ്ധതിയായി കണക്കാക്കാം. അതിലൂടെ വിദ്യാർത്ഥികൾക്ക് അവരുടെ സ്കൂൾ, കോളേജ് ദിവസങ്ങളിൽ തന്നെ സമൂഹത്തെയും രാജ്യത്തെയും സേവിക്കാൻ അവസരം ലഭിക്കുന്നുവെന്ന് രാഷ്ട്രപതി ചൂണ്ടികാട്ടി.

കൊവിഡ് -19 (Covid 19) ന്റെ പ്രാരംഭ സമയത്ത്, 2 കോടി 30 ലക്ഷത്തിലധികം മാസ്കുകൾ എൻ എസ് എസ് വോളന്റിയർമാർ നിർമ്മിക്കുകയും അത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുകയും ചെയ്തത് എടുത്തുപറഞ്ഞുകൊണ്ടായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം. എൻഎസ്എസ് വോളന്റിയർമാർ വിവിധ ഹെൽപ്പ് ലൈനുകൾ വഴി കോവിഡ് സംബന്ധമായ വിവരങ്ങൾ ജനങ്ങൾക്ക് നൽകുകയും, ബോധവൽക്കരണത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ജില്ലാ ഭരണകൂടങ്ങളെ സഹായിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെയും, സ്വാതത്ര്യ സമര സേനാനികളുടെ സംഭവനകളെയും കുറിച്ചുള്ള വെബ്ബിനാറുകൾ, ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി എൻ എസ് എസ് വോളന്റിയർമാർ സംഘടിപ്പിക്കുന്നതിൽ രാഷ്ട്രപതി സന്തോഷം പ്രകടിപ്പിച്ചു.

കേന്ദ്ര യുവജനകാര്യ-കായിക മന്ത്രി അനുരാഗ് ഠാക്കൂറും (Anurag Thakur) യുവജനകാര്യ-കായിക സഹമന്ത്രി നിസിത് പ്രമാണിക്കും (Nisith Pramanik) ദില്ലിയിലെ സുഷമ സ്വരാജ് (Sushma Swaraj) ഭവനിൽ നിന്നും ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ സംസാരിച്ച അനുരാഗ് ഠാക്കൂർ എൻഎസ്എസ് വോളന്‍റിയർമാരുടെ നിസ്വാർത്ഥ സേവനത്തെ പ്രശംസിച്ചു. കൊവിഡ് പകർച്ചവ്യാധി സമയത്തെ കാര്യക്ഷമമായ പ്രവർത്തനങ്ങളെയും, ഗ്രാമ വികസന പരിപാടികൾ, വാക്സിനേഷൻ യജ്ഞങ്ങൾ, രക്തദാന ക്യാമ്പുകൾ, പ്രകൃതി ദുരന്തങ്ങൾ എന്നിവയിലേക്കുള്ള അവരുടെ സംഭാവനകളെയും അദ്ദേഹം അഭിനന്ദിച്ചു. പ്രധാനമന്ത്രിയുടെ പുതിയ ഇന്ത്യ എന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിൽ യുവാക്കൾക്ക് പരിവർത്തനപരമായ പങ്കുണ്ടെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. 

എൻ എസ് എസിന്റെ രജത ജൂബിലി വർഷത്തോടനുബന്ധിച്ച് 1993-94 ൽ യുവജനകാര്യ, കായിക മന്ത്രാലയമാണ് എൻഎസ്എസ് അവാർഡുകൾ ഏർപ്പെടുത്തിയത്. സർവകലാശാലകൾ/കോളേജുകൾ, (+2) കൗൺസിലുകൾ, സീനിയർ സെക്കൻഡറി, എൻഎസ്എസ് യൂണിറ്റുകൾ/പ്രോഗ്രാം ഓഫീസർമാർ, എൻഎസ്എസ് വോളന്റിയർമാർ എന്നിവരുടെ സന്നദ്ധസേവനങ്ങൾക്കുള്ള മികച്ച സംഭാവനകൾ തിരിച്ചറിഞ്ഞ് അവർക്ക്  അംഗീകാരം നൽകുക എന്നതാണ് ഈ അവാർഡുകളുടെ ലക്ഷ്യം.

2019-20 വർഷത്തെ NSS അവാർഡുകൾ യൂണിവേഴ്സിറ്റി/+2 കൗൺസിലുകൾ, NSS യൂണിറ്റുകൾ/അവരുടെ പ്രോഗ്രാം ഓഫീസർമാർ, NSS വളണ്ടിയർമാർ എന്നിങ്ങനെ 3 വ്യത്യസ്ത വിഭാഗങ്ങളിലായി 42 പേർക്കാണ്  നൽകിയത്. 

അവാർഡ് ലഭിച്ചവരുടെ വിശദാംശങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios