ഗവേഷണം പ്രോത്സാഹിപ്പിക്കാന്‍ മന്ത്രാലയത്തിനുകീഴില്‍ റിസര്‍ച്ച് ആന്‍ഡ് ഇന്നവേഷന്‍ എന്ന പേരില്‍ പുതിയ വകുപ്പ് ആരംഭിച്ചതായി മന്ത്രി പറഞ്ഞു. 

ദില്ലി: രാജ്യത്ത് ഗവേഷണമേഖലയ്ക്ക് പ്രോത്സാഹനം നല്‍കുകയെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി റിസര്‍ച്ച് ഫെലോഷിപ്പ് (പി.എം.ആര്‍.എഫ്.) നിബന്ധനകളില്‍ കേന്ദ്ര മാനവശേഷി മന്ത്രാലയം ഭേദഗതി വരുത്തി. അംഗീകൃത സ്ഥാപനങ്ങളിലോ സര്‍വകലാശാലകളിലോ (ഐ.ഐ.എസ്.സി., ഐ.ഐ. ടി., എന്‍.ഐ.ടി., ഐ.ഐ.എസ്.ഇ.ആര്‍., ഐ.ഐ.ഇ.എസ്.ടി., സി.എഫ്.ഐ.ഐ.ഐ. ടി. ഒഴികെ) പഠിക്കുന്ന വിദ്യാര്‍ഥികളില്‍ ഗേറ്റ് സ്‌കോര്‍ 650-ഉം സി.ജി.പി.എ. സ്‌കോര്‍ എട്ടും ഉള്ളവര്‍ക്ക് ഫെലോഷിപ്പിന് അപേക്ഷിക്കാം. ഗേറ്റ് സ്‌കോര്‍ 750 ഉള്ളവര്‍ക്കേ മുമ്പ് അപേക്ഷിക്കാന്‍ കഴിയുമായിരുന്നുള്ളൂ.

ഗവേഷണം പ്രോത്സാഹിപ്പിക്കാന്‍ മന്ത്രാലയത്തിനുകീഴില്‍ റിസര്‍ച്ച് ആന്‍ഡ് ഇന്നവേഷന്‍ എന്ന പേരില്‍ പുതിയ വകുപ്പ് ആരംഭിച്ചതായി മന്ത്രി പറഞ്ഞു. മന്ത്രാലയത്തിനുകീഴില്‍ വരുന്ന സ്ഥാപനങ്ങളിലെ ഗവേഷണപരിപാടികളുടെ ഏകോപനം വകുപ്പ് ഡയറക്ടര്‍ക്കായിരിക്കും. മാനദണ്ഡങ്ങളില്‍ വരുത്തിയ ഭേദഗതികള്‍മൂലം കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് ഫെലോഷിപ്പ് ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഫെലോഷിപ്പിന് നേരിട്ട് അപേക്ഷിക്കുന്നതിനുപുറമേ ലാറ്ററല്‍ എന്‍ട്രിയുമുണ്ടായിരിക്കുമെന്ന് മാനവശേഷിമന്ത്രി രമേഷ് പൊഖ്രിയാല്‍ പറഞ്ഞു. പിഎച്ച്.ഡി. ക്ക് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് 12 മാസത്തിനുശേഷമോ 24 മാസത്തിനുശേഷമോ ഫെലോഷിപ്പിന് അപേക്ഷിക്കാം.