തിരുവനന്തപുരം: പിഎസ്‍സി പരീക്ഷകൾ മലയാളത്തിലാക്കണമെന്ന ആവശ്യവുമായി ഐക്യമലയാള പ്രസ്ഥാനം. കെ.എ.എസ്. ഉൾപ്പെടെയുള്ള പി.എസ്.സി. പരീക്ഷകളുടെ ചോദ്യപ്പേപ്പറുകൾ മലയാളത്തിൽ തയ്യാറാക്കുകയും മലയാളത്തിൽ തന്നെ പരീക്ഷയെഴുതാൻ അവസരമുണ്ടാക്കാനും സർക്കാർ നിയമനിർമാണം നടത്തണമെന്നാണ് ഐക്യമലയാള പ്രസ്ഥാനം ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം ഐക്യമലയാളപ്രസ്ഥാനം ഇക്കാര്യമാവശ്യപ്പെട്ട്  സമരം നടത്തിയിരുന്നു. കെഎഎസ് ഉൾപ്പെടെയുള്ള എല്ലാ പിഎസ്‍സി പരീക്ഷകളും മലയാളത്തിലും കൂടി നടത്തുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിലാണ് അന്ന് സമരം അവസാനിപ്പിച്ചതെന്ന് ഭാരവാഹികൾ വ്യക്തമാക്കുന്നു.

എന്നാൽ, അതിനു വിരുദ്ധമായി മലയാളത്തിൽ ചോദ്യപ്പേപ്പർ നൽകാതെയാണ് കെ.എ.എസിന്റെ പ്രാഥമിക പരീക്ഷ പി.എസ്.സി. നടത്തിയത്. സംസ്ഥാനത്തെ ഔദ്യോഗികഭാഷയിൽ പി.എസ്.സി. പരീക്ഷ നടത്താത്തത് പ്രതിഷേധാർഹമാണെന്നും കേരള നിയമസഭയ്ക്ക്, കേരളത്തിലെ എല്ലാ പിഎസ്‍സി പരീക്ഷകളും മലയാളത്തിൽക്കൂടി നടത്തുന്നതിനുള്ള നിയമനിർമാണം നടത്താമെന്നും ഐക്യമലയാള പ്രസ്ഥാനം വ്യക്തമാക്കി. പതിന്നാലാം നിയമസഭയുടെ നിലവിലെ സമ്മേളനത്തിൽത്തന്നെ ഇത്തരമൊരു ബില്ല് നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കണമെന്ന് ഐക്യമലയാള പ്രസ്ഥാനം ആവശ്യപ്പെട്ടു.
 
പരീക്ഷകൾ മലയാളത്തിലാക്കണമെന്നാവശ്യപ്പെട്ട് പിഎസ് സി ആസ്ഥാനത്തിന് മുമ്പില്‍ ഐക്യമലയാള പ്രസ്ഥാനം പതിനെട്ട് ദിവസം സമരം നടത്തിയിരുന്നു. കെഎഎസ് പരീക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു ഐക്യമലയാള പ്രസ്ഥാനം സമരം ആരംഭിച്ചത്. എന്നാൽ ചോദ്യങ്ങൾ‌ മലയാളത്തിലാക്കുന്നതിനോട് പിഎസ്‍സി അനുകൂലമായ നിലപാടായിരുന്നില്ല സ്വീകരിച്ചത്. ഉയർന്ന യോ​ഗ്യത അടിസ്ഥാനമായ പരീക്ഷകളിൽ സാങ്കേതിക പദങ്ങൾക്കുള്ള പകരം പദങ്ങൾ കണ്ടെത്തുന്നതിന്റെ പ്രയാശമാണ് പ്രധാനമായും കമ്മീഷൻ നിരത്തിയത്.