വ്യക്തമായ കാരണങ്ങളാലാണ് പരീക്ഷ എഴുതാതിരുന്നതെങ്കില്‍ ഉദ്യോഗാര്‍ഥികള്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് പി.എസ്.സി. അറിയിച്ചിരിക്കുന്നത്. 

തിരുവനന്തപുരം: ഫെബ്രുവരി 22ന് പി.എസ്.സി. നടത്തിയ കെ.എ.എസ്. പ്രാഥമിക പരീക്ഷ എഴുതാത്തവർക്കെതിരെ നടപടിയുണ്ടാകില്ലെന്ന് പിഎസ്‍സി അധികൃതർ. 4,00,014 പേരാണ് പ്രാഥമിക പരീക്ഷ എഴുതുമെന്ന് അറിയിച്ചിരുന്നത്. എന്നാൽ 3.93 ലക്ഷം പേർ മാത്രമാണ് അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തത്. അവരില്‍ 3.40 ലക്ഷം പേര്‍ പരീക്ഷയെഴുതിയെന്നാണ് പ്രാഥമിക വിവരം. ഹാജരായവരുടെ വിശദമായ കണക്ക് ശേഖരിക്കുന്നതേയുള്ളൂ എന്ന് പിഎസ്‍സി അധികൃതർ വ്യക്തമാക്കുന്നു. 

പരീക്ഷയെഴുതുമെന്ന് അറിയിച്ചിട്ടും പരീക്ഷയ്ക്ക് ഹാജരാകാതിരുന്നവര്‍ക്കെതിരേ തത്കാലം നടപടിയൊ ണ്ടാകില്ലെന്നാണ് പി.എസ്.സി. അധികൃതരുടെ അറിയിപ്പ്. അതേസമയം പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതൽ ഉദ്യോഗാര്‍ഥികള്‍ പരീക്ഷയെഴുതിയെന്നാണ് പി.എസ്.സി. ചെയര്‍മാന്‍ എം.കെ. സക്കീർ പ്രതികരിച്ചത്. പ്രൊഫൈല്‍ തടയുമെന്ന ഭീതിയില്‍ ആശങ്കപ്പെട്ട് നിരവധി ഉദ്യോഗാര്‍ഥികള്‍ പി.എസ്.സി. ഓഫീസുകളില്‍ അന്വേഷിച്ചെത്തുന്നുണ്ട്. വ്യക്തമായ കാരണങ്ങളാലാണ് പരീക്ഷ എഴുതാതിരുന്നതെങ്കില്‍ ഉദ്യോഗാര്‍ഥികള്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് പി.എസ്.സി. അറിയിച്ചിരിക്കുന്നത്. ആവശ്യപ്പെടുന്ന സമയത്ത് കാരണം കാണിക്കാൻ ഉദ്യോ​ഗാർത്ഥികൾ തയ്യാറാകണമെന്നും പിഎസ്‍സി അറിയിക്കുന്നു.