കമ്മ്യൂണിസ്റ്റ് പാർട്ടി വിഭജനവുമായി ബന്ധപ്പെട്ട ഒരു ചോദ്യവും ബി.എസ്.പിയെ കുറിച്ചുള്ള ചോദ്യവും പരീക്ഷയില്‍ ഉണ്ടായിരുന്നു. 

ജയ്പൂര്‍: രാജസ്ഥാൻ പന്ത്രണ്ടാം ക്ലാസ് പൊളിറ്റിക്കല്‍ സയന്‍സ് (Political Science) ബോര്‍ഡ് പരീക്ഷയില്‍ ( Rajasthan Board Exams) കോൺഗ്രസുമായി (Congress) ബന്ധപ്പെട്ട് വന്നത് ആറ് ചോദ്യങ്ങൾ. രാജസ്ഥാനിലെ ഭരണകക്ഷിയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ നേട്ടങ്ങളെ കുറിച്ചായിരുന്നു ചോദ്യങ്ങള്‍. സംസ്ഥാന ബോർഡ് പരീക്ഷകളിൽ സംസ്ഥാനം ഭരിക്കുന്ന പാർട്ടിയെക്കുറിച്ച് ഇത്രയധികം ചോദ്യങ്ങൾ ഉണ്ടാകുന്നത് ഇതാദ്യമാണ് എന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട് പറയുന്നത്.

'ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം ആരുടേതാണ്?', 'കോൺഗ്രസിന്റെ സാമൂഹികവും ബൗദ്ധികവുമായ സഖ്യങ്ങളെ കുറിച്ച് വിവരിക്കുക?', '1984ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എത്ര സീറ്റ് നേടി?', 'ആദ്യത്തെ മൂന്ന് പൊതു തെരഞ്ഞെടുപ്പുകളിലും ആധിപത്യം പുലർത്തിയ രാഷ്ട്രീയ പാർട്ടി ഏതാണ്?', '1971ലേത് കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവ് കണ്ട തെരഞ്ഞെടുപ്പായിരുന്നു. ഈ പ്രസ്താവന വിശദീകരിക്കുക' - ഇവയാണ് ബോര്‍ഡ് പരീക്ഷയ്ക്ക് വന്ന ചോദ്യങ്ങള്‍. 

കമ്മ്യൂണിസ്റ്റ് പാർട്ടി വിഭജനവുമായി ബന്ധപ്പെട്ട ഒരു ചോദ്യവും ബി.എസ്.പിയെ കുറിച്ചുള്ള ചോദ്യവും പരീക്ഷയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഒരു പാര്‍ട്ടിയെ സംബന്ധിച്ച് ഇത്രയേറെ ചോദ്യം അസാധാരണമാണ് എന്നാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പ്രതികരിച്ചത് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

12-ാം ക്ലാസ് രാജസ്ഥാൻ ബോർഡ് പൊളിറ്റിക്കൽ സയൻസ് സിലബസില്‍ ഒരു പാഠം കോണ്‍ഗ്രസിന്‍റെ സ്ഥാപനവും, വെല്ലുവിളികളും എന്ന രീതിയില്‍ ഉണ്ടെന്നാണ് അധ്യാപകരും മറ്റും ഈ ചോദ്യങ്ങള്‍ സംബന്ധിച്ച് പറയുന്നത്. ഒരു പ്രത്യേക പാർട്ടിയെ പ്രശംസിക്കുന്ന ചോദ്യങ്ങൾ അസാധാരണമാണ് എന്ന് തന്നെയാണ് വിദ്യാഭ്യാസ രംഗത്തുള്ളവരും പറയുന്നത്. 

ഈ വർഷമാദ്യം, സിബിഎസ്ഇ ബോർഡ് പരീക്ഷകളിൽ, 2002 ലെ കലാപ സമയത്ത് ഗുജറാത്ത് ഭരിച്ചിരുന്ന പാർട്ടി ഏതെന്ന ചോദ്യം വന്നിരുന്നു. ചോദ്യം പിന്നീട് റദ്ദാക്കുകയും എല്ലാ വിദ്യാർത്ഥികൾക്കും അതിനുള്ള മാർക്ക് നൽകുകയും ചെയ്തിരുന്നു.

ഓരോ വർഷവും 9 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് രാജസ്ഥാൻ ബോർഡ് പത്താം ക്ലാസ് പരീക്ഷ എഴുതുന്നത്. ഈ മാസം അവസാനം പരീക്ഷകള്‍ സമാപിക്കും. മെയ് മാസത്തിൽ ഫലം പ്രഖ്യാപിക്കും. അതേ സമയം പൊളിറ്റിക്കല്‍ സയന്‍സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ സംബന്ധിച്ച് വാര്‍ത്തയില്‍ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങള്‍ ഒന്നും വന്നിട്ടില്ല.