ദില്ലി: ദില്ലിയിലെ രാജ്കുമാരി അമൃത് കൗര്‍ കോളേജ് ഓഫ് നഴ്‌സിങ്ങിൽ നാലുവർഷ ബിഎസ്‍സി (ഓണേഴ്സ്) പ്രോ​ഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാരിന്റെ സ്ഥാപനമായ ഇവിടെ പെൺകുട്ടികൾക്ക് മാത്രമാണ് പ്രവേശനം നൽകുന്നത്. ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ ഓരോന്നും പ്രത്യേകം ജയിച്ചിരിക്കണം. ഒപ്പം നാല് വിഷയങ്ങൾക്കും കൂടി മൊത്തം 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. 2020 ഒക്ടോബര്‍ ഒന്നിന് 17 വയസാണ് അപേക്ഷിക്കാനുള്ള പ്രായപരിധി. 

പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ ലഭിക്കുക. പരീ​ക്ഷയ്ക്ക് രണ്ടരമണിക്കൂർ ദൈർഘ്യമുണ്ടാകും. 2020 ജൂണ്‍ 14ന് രാവിലെ 10 മുതല്‍ ദില്ലിയില്‍ നടത്തുന്ന പരീക്ഷയ്ക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളിലെ പ്ലസ്ടു നിലവാരമുള്ള ചോദ്യങ്ങള്‍ ഉണ്ടാകും. ഇവയ്ക്കൊപ്പം ഇംഗ്ലീഷ് കോംപ്രിഹന്‍ഷന്‍, ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട പൊതുവിജ്ഞാനം എന്നിവയില്‍നിന്ന് ചില ചോദ്യങ്ങളും ഉണ്ടാകും. ഒബ്ജക്ടീവ് ടൈപ്പ്, മള്‍ട്ടിപ്പിള്‍ ചോയ്‌സ് രീതിയിലുള്ള ചോദ്യങ്ങളാണ് ഉണ്ടാകുക. 

http://rakcon.com/  ൽ നിന്ന് അപേക്ഷാഫോറം പ്രോസ്‌പെക്ടസ് എന്നിവ, ഡൗണ്‍ലോഡു ചെയ്‌തെടുക്കാം. യോഗ്യതാ പരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. കമ്പാര്‍ട്ട്‌മെന്റല്‍/റീഅപ്പിയറിം​ഗ് എന്നിവർക്ക് അപേക്ഷിക്കാന്‍ കഴിയില്ല. 550 രൂപയാണ് അപേക്ഷാഫീസ്. ഈ തുക ദില്ലിയിൽ മാറിയെടുക്കാൻ സാധിക്കുന്ന വിധത്തിൽ 'പ്രിന്‍സിപ്പല്‍, രാജ്കുമാരി അമൃത് കൗര്‍ കോളേജ് ഓഫ് നഴ്‌സിങ്' എന്ന പേരിലെടുത്ത ഡിമാന്‍ഡ് ഡ്രാഫ്റ്റ് ആയി പൂരിപ്പിച്ച അപേക്ഷയ്‌ക്കൊപ്പം നല്‍കണം.ഏപ്രില്‍ 17ന് വൈകീട്ട് അഞ്ചിനകം  പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും സ്ഥാപനത്തില്‍ നേരിട്ടോ തപാലിലോ ലഭിക്കേണ്ടതാണ്

ജൂലായ് രണ്ടിന് പരീക്ഷയുടെ ഫലം പ്രഖ്യാപിക്കും. ജൂലായ് എട്ട്, ഒന്‍പത്, 10 തീയതികളില്‍ കൗണ്‍സലിങ് നടത്തും. സെഷന്‍ ജൂലായ് 20ന് തുടങ്ങും. മൊത്തം 76 സീറ്റുണ്ട്. പ്രതിവര്‍ഷ ട്യൂഷന്‍ ഫീസ് 250 രൂപയാണ്. ചെറിയ തോതിലുള്ള മറ്റു ഫീസുകളും നല്‍കണം. പ്രതിമാസം 500 രൂപ നിരക്കില്‍ കോഴ്‌സിന്റെ നാലാംവര്‍ഷം ഇന്റേണ്‍ഷിപ്പ് അലവന്‍സ് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും.