2026-27 അധ്യയന വർഷത്തെ കീം (KEAM) പ്രവേശനത്തിന് ജനുവരി 31 വരെ അപേക്ഷിക്കാം. പത്താം ക്ലാസ് സർട്ടിഫിക്കറ്റ്, ഫോട്ടോ, ഒപ്പ്, ജനന തീയതി തെളിയിക്കുന്ന രേഖ എന്നിവ ഓൺലൈനായി സമർപ്പിക്കണം.

തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തെ കേരളത്തിലെ എൻജിനിയറിം​ഗ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള (KEAM 2026) പ്രവേശനത്തിന് ജനുവരി 31 വരെ അപേക്ഷിക്കാം. പത്താം ക്ലാസ് സർട്ടിഫിക്കറ്റ്, ഫോട്ടോ, ഒപ്പ്, ജനന തീയതി തെളിയിക്കുന്ന രേഖ എന്നിവ ജനുവരി 31നകം ഓൺലൈനായി സമർപ്പിക്കണം. എന്നാൽ മറ്റ് അനുബന്ധ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ്‌ ചെയ്യുന്നതിനായി ഫെബ്രുവരി 7 വരെ സമയം അനുവദിച്ചിട്ടുണ്ട്.

നീറ്റ് (NEET) പരീക്ഷ എഴുതുന്ന അപേക്ഷകർ കേരളത്തിലെ മെഡിക്കൽ അല്ലെങ്കിൽ മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിനായി 'KEAM 2026' പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കേണ്ടത് നിർബന്ധമാണ്. കൂടുതൽ വിശദവിവരങ്ങൾക്കായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.cee.kerala.gov.in സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ : 0471 2332120.

തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ സീറ്റൊഴിവ്

കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിച്ച ഡിപ്ലോമാ ഇൻ മൾട്ടിമീഡിയ, ഡിപ്ലോമാ ഇൻ പാക്കേജിംഗ് ടെക്‌നോളജി ഗവൺമെന്റ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം ആരംഭിച്ചു.

പട്ടികജാതി/പട്ടികവർഗ/മറ്റർഹ വിദ്യാർത്ഥികൾക്ക് നിയമാനുസൃത ഫീസ് സൗജന്യമായിരിക്കും. പ്രസ്തുത കാലയളവിൽ സ്‌റ്റൈപ്പന്റും ലഭിക്കും. ഒ.ബി.സി/ എസ്.ഇ.ബി.സി/മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വരുമാന പരിധിയ്ക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും.

അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്സ്‌പോർട്ട് സൈസ് ഫോട്ടോ സഹിതം കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, സിറ്റിസെന്റർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം- 695024 ഫോൺ: 0471-2474720, 0471-2467728 വിലാസത്തിൽ നേരിട്ട് ഹാജരാകണം. Web Site: www.captkerala.com.