Asianet News MalayalamAsianet News Malayalam

പൊതുമേഖലസ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിന് മാസ്റ്റർ പ്‌ളാൻ തയ്യാറാക്കും

പ്രവർത്തനമൂലധനം കണ്ടെത്തുന്നതിനായി സ്ഥാപനങ്ങൾ പദ്ധതികൾ ആവിഷ്‌കരിക്കണം. വിപുലീകരണം, ആധുനികവത്ക്കരണം, നവീകരണം എന്നിവയൊക്കെ ഉൾപ്പെടുത്തിയായിരിക്കണം ഇത് ചെയ്യേണ്ടത്.

Recruitment Board for Non-PSC Recruitment
Author
Trivandrum, First Published May 27, 2021, 9:31 AM IST

തിരുവനന്തപുരം: കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിനും വിപുലീകരണത്തിനുമായി വിശദമായ മാസ്റ്റർ പ്ലാനുകൾ തയാറാക്കാൻ വ്യവസായ മന്ത്രി പി. രാജീവ് നിർദ്ദേശിച്ചു. ഒരു മാസത്തിനുള്ളിൽ ഇതിനുള്ള നടപടികൾ പൂർത്തീകരിക്കും. ഇതിനനുസരിച്ചായിരിക്കും ഭാവിയിലുള്ള സർക്കാർ പദ്ധതി വിഹിതം സ്ഥാപനങ്ങൾക്ക് അനുവദിക്കുക. കേരളത്തിലെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ നിലവിലെ സ്ഥിതി വിലയിരുത്തുന്നതിന് മന്ത്രി വിളിച്ച ഓൺലൈൻ യോഗത്തിലാണ് തീരുമാനം.  

പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളിലെ പി.എസ്.സി. വഴി നിയമനം നടത്താത്ത തസ്തികകളിൽ കേന്ദ്രീകൃത നിയമനം നടത്തുന്നതിന് റിക്രൂട്ട്‌മെന്റ്  ബോർഡ് രൂപീകരിക്കും.  ഇതോടൊപ്പം പൊതുമേഖലാ സ്ഥാപനങ്ങളിലെ ഒഴിവുള്ള മാനേജിംഗ് ഡയറക്ടർമാരുടെ തസ്തികകൾ സെലക്ഷൻ ബോർഡ് വഴി നികത്തും.

പ്രവർത്തനമൂലധനം കണ്ടെത്തുന്നതിനായി സ്ഥാപനങ്ങൾ പദ്ധതികൾ ആവിഷ്‌കരിക്കണം. വിപുലീകരണം, ആധുനികവത്ക്കരണം, നവീകരണം എന്നിവയൊക്കെ ഉൾപ്പെടുത്തിയായിരിക്കണം ഇത് ചെയ്യേണ്ടത്. എം.ഡി.മാരുടെ മുൻകാല പ്രവർത്തനങ്ങൾ വിലയിരുത്തി റിപ്പോർട്ട് തയ്യാറാക്കും. ഇതോടൊപ്പം സീനിയർ ഉദ്യോഗസ്ഥരുടെ പെർഫോമൻസ് അപ്രൈസൽ സംവിധാനം നടപ്പിലാക്കുന്നതിനും പ്രതിമാസ പ്രവർത്തന അവലോകനം നടത്തുന്നതിനുമുള്ള സംവിധാനവും നടപ്പാക്കും.

വ്യവസായങ്ങളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിക്കും. സർവകലാശാലകളിലെ ഗവേഷണ വിഭാഗങ്ങളും വിവിധ കമ്പനികളുമായി ഇതിനായി ഉടൻ ചർച്ച നടക്കും. ഇതോടൊപ്പം വിവിധ സ്ഥാപനങ്ങളിലെ ഡയറക്ടർ ബോർഡിൽ മൂന്നിലൊന്ന്  പേർ അതാതു മേഖലകളിലെ വിദഗ്ധരായിരിക്കും.

ഈസ് ഓഫ് ഡ്യൂയിംഗ് ബിസ്സിനസ്സ് ഇൻഡക്‌സിൽ ആദ്യ 10 സംസ്ഥാനങ്ങളിൽ ഒന്നായി കേരളത്തെ ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. കോവിഡ് കാലത്തെ പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിനും മന്ത്രി നിർദ്ദേശിച്ചു. യോഗത്തിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, വിവിധ പൊതുമേഖലാ സ്ഥാപന മേധാവികൾ എന്നിവർ പങ്കെടുത്തു.

Follow Us:
Download App:
  • android
  • ios