Asianet News MalayalamAsianet News Malayalam

10നും 12നും കൂടുതൽ ക്ലാസുകളുമായി ഫസ്റ്റ്‌ബെല്ലിൽ തിങ്കളാഴ്ച്ച മുതൽ പുനഃക്രമീകരണം

നിലവിലുള്ള സംപ്രേഷണ സമയവും ക്രമേണ വർദ്ധിപ്പിക്കാൻ ഉദ്ദേശമുണ്ട്. സമാനമായ ക്രമീകരണം പ്രത്യേകമായി സംപ്രേഷണം ചെയ്യുന്ന തമിഴ്, കന്നട മീഡിയം ക്ലാസുകൾക്കും  ഏർപ്പെടുത്തിക്കഴിഞ്ഞു.

Restructuring from Monday at Firstbell with more than 10 and 12 classes
Author
Trivandrum, First Published Dec 4, 2020, 9:18 AM IST

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്തുവരുന്ന ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകൾ ആദ്യം പൊതുപരീക്ഷ നടക്കുന്ന പത്ത്, പന്ത്രണ്ട്  ക്ലാസുകൾക്ക് കൂടുതൽ സമയം നൽകിക്കൊണ്ട് തിങ്കളാഴ്ച്ച (ഡിസംബർ 7) മുതൽ പുനഃക്രമീകരിച്ചു. പുതിയ ടൈംടേബിൾ അനുസരിച്ച് തിങ്കൾ മുതൽ വെള്ളിവരെ പ്ലസ് ടുവിന് ദിവസം ഏഴു ക്ലാസുകളും പത്തിന് അഞ്ചു ക്ലാസുകളും ഉണ്ടാകും.

പ്ലസ് ടുവിന് നിലവിലുള്ള 3 ക്ലാസുകൾക്ക് പുറമെ വൈകുന്നേരം 4 മുതൽ 6 മണി വരെ 4 ക്ലാസുകളാണ്  അധികമായി സംപ്രേഷണം ചെയ്യുന്നത്. എന്നാൽ ഇത് വിവിധ വിഷയ ഗ്രൂപ്പുകളായതുകൊണ്ട്  ഒരു കുട്ടിക്ക് പരമാവധി അഞ്ച് ക്ലാസിൽ കൂടുതൽ കാണേണ്ടി വരുന്നില്ല. പ്ലസ്‌വണ്ണിനു നിലവിലുള്ളപോലെ രാവിലെ 11 മുതൽ 12 മണി വരെ രണ്ട് ക്ലാസുകൾ ഉണ്ടാകും. പത്താം ക്ലാസിന് രാവിലെ 9.30 മുതൽ 11.00മണി വരെയുള്ള 3 ക്ലാസുകൾക്ക് പുറമെ വൈകുന്നേരം 3.00 മുതൽ 4.00 മണി വരെ രണ്ടു ക്ലാസുകൾ കൂടി അധികമായി സംപ്രേഷണം ചെയ്യും.

എട്ട്, ഒൻപത് ക്ലാസുകൾക്ക് ഉച്ചയ്ക്ക് 2 നും 2.30-നുമായി ഓരോ ക്ലാസുണ്ടാകും.  ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിൽ ഉച്ചയ്ക്ക് 1.30 നാണ് ഏഴാം ക്ലാസ്. ആറാം ക്ലാസിന് ചൊവ്വ (1.30), ബുധൻ (1.00 മണി), വെള്ളി (12.30) ദിവസങ്ങളിലും അഞ്ചാം ക്ലാസിന് ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ  1.00 മണിക്കും ക്ലാസുണ്ടാകും. നാലാം ക്ലാസിന് തിങ്കൾ (1.00മണി), ബുധൻ (12.30), വെള്ളി (12.00) ദിവസങ്ങളിലും, മൂന്നാം ക്ലാസിന് തിങ്കൾ, ചൊവ്വ, വ്യാഴം ദിവസങ്ങളിൽ 12.30-നും ആയിരിക്കും ക്ലാസ്. ഒന്നാം ക്ലാസിന് തിങ്കളും ബുധനും, രണ്ടാം ക്ലാസിന് ചൊവ്വയും വ്യാഴവും ഉച്ചയ്ക്ക് 12.00 മണിക്ക്  ആയിരിക്കും ക്ലാസുകൾ.

ജനുവരി മാസത്തോടെ പത്തിനും പന്ത്രണ്ടിനും പ്രത്യേക റിവിഷൻ ക്ലാസുകൾ ഉൾപ്പെടെ സംപ്രേഷണം നടത്തി ക്ലാസുകൾ പൂത്തിയാക്കാനും അതിനു ശേഷം ഇതേ മാതൃകയിൽ കൂടുതൽ സമയമെടുത്ത് മറ്റ് ക്ലാസുകൾക്കുള്ള ഡിജിറ്റൽ ക്ലാസുകൾ സംപ്രേഷണം ചെയ്ത് തീർക്കാനും ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു. നിലവിലുള്ള സംപ്രേഷണ സമയവും ക്രമേണ വർദ്ധിപ്പിക്കാൻ ഉദ്ദേശമുണ്ട്. സമാനമായ ക്രമീകരണം പ്രത്യേകമായി സംപ്രേഷണം ചെയ്യുന്ന തമിഴ്, കന്നട മീഡിയം ക്ലാസുകൾക്കും  ഏർപ്പെടുത്തിക്കഴിഞ്ഞു.

പാഠഭാഗങ്ങൾ സമയബന്ധിതമായി തീർക്കാൻ ഡിസംബർ 25 ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും പുതിയ ക്ലാസുകൾ സംപ്രേഷണം ചെയ്യും.  ശനി, ഞായർ ദിവസങ്ങളിൽ 10, 12 ക്ലാസുകൾ സംപ്രേഷണം ചെയ്യും.  പ്ലസ്ടുകാർക്ക് പരമാവധി 4 ക്ലാസുകളും പത്താം ക്ലാസുകാർക്ക് വൈകുന്നേരം 4.00 മുതൽ 6.00 വരെ  ഓപ്ഷനുകളോട് കൂടിയ ഒരു ക്ലാസും (ഭാഷാ ക്ലാസുകൾ) എന്ന നിലയിലായിരിക്കും ഈ ദിവസങ്ങളിലെ ക്രമീകരണം. അതോടൊപ്പം അംഗനവാടി കുട്ടികൾക്കുള്ള കിളിക്കൊഞ്ചൽ, ലിറ്റിൽ കൈറ്റ്‌സ് കുട്ടികൾക്കുള്ള ക്ലാസുകൾ, ഹലോ ഇംഗ്ലീഷ് എന്നീ സ്ഥിരം പരിപാടികളും ശനി-ഞായർ ദിവസങ്ങളിൽ സംപ്രേഷണം ചെയ്യും.  

തിങ്കൾ മുതൽ വെള്ളി വരെ പത്താം ക്ലാസുകാർക്ക് വൈകുന്നേരം 6.00 മുതൽ 7.30 വരെയും പിറ്റേന്ന് രാവിലെ 7.00 മണി മുതൽ 8.00 വരെയും പ്ലസ്ടുകാർക്ക് ദിവസവും രാത്രി 7.30 മുതൽ 11.00 മണി വരെയും പുനഃസംപ്രേഷണം ഉണ്ടായിരിക്കും. സമയക്കുറവുള്ളതിനാൽ ജനുവരി പകുതി വരെ മറ്റു ക്ലാസുകളുടെ പുനഃസംപ്രേഷണം ഉണ്ടായിരിക്കുന്നതല്ല. ജൂൺ 1 ന് ആരംഭിച്ച ഫസ്റ്റ്‌ബെല്ലിൽ ആദ്യ ആറു മാസത്തിനുള്ളിൽ 4400 ക്ലാസുകൾ ഇതിനകം സംപ്രേഷണം ചെയ്തു കഴിഞ്ഞു. മുഴുവൻ ക്ലാസുകളും ഫസ്റ്റ്‌ബെൽ പോർട്ടലിൽ ലഭ്യമാക്കുന്നുണ്ട്. ഓരോ ദിവസത്തെ ടൈംടേബിളും, ക്ലാസുകളും  www.firstbell.kite.kerala.gov.in ൽ ലഭ്യമാണ്.

Follow Us:
Download App:
  • android
  • ios