''ഇനി എല്ലാവരും ഒന്നിച്ചൊന്ന് വിളിച്ചേ... മിട്ടുപൂച്ചേ... തങ്കു പൂച്ചേ...'' വിക്ടേഴ്സ് ചാനലിലെ ഒന്നാം ക്ലാസിലെ ഓണ്‍ലൈന്‍ ക്ലാസ് മുറിയില്‍ നിന്ന് ഇന്നലെയാണ് ഈ വിളി വന്നത്. വിദ്യാര്‍ത്ഥികള്‍ മാത്രമല്ല, മുതിര്‍ന്നവരും മാതാപിതാക്കളും ടിവിയ്ക്ക് മുന്നിലെത്തിയത് ആരാണീ അധ്യാപിക എന്നറിയാന്‍ വേണ്ടിയായിരുന്നു. വിദ്യാർത്ഥികൾക്ക് അപരിചിതമായ ഒരു ലോകത്ത് അവരെ സുപരിചിതരാക്കിയ ചില അധ്യാപകരുണ്ടായിരുന്നു ഇന്നലെ വിക്ടേഴ്സ് ചാനലിലെ ഓൺലൈൻ ക്ലാസ് മുറികളിൽ. അവരിലൊരാണ് സായി ശ്വേത എന്ന അധ്യാപിക. മിട്ടു പൂച്ചയുടെയും തങ്കു പൂച്ചയുടെയും കഥ പറഞ്ഞ് ടീച്ചർ നടന്നു കയറിയത് കുഞ്ഞുങ്ങളുടെ മാത്രമല്ല, മുതിർന്നവരുടെയും കൂടെ മനസ്സിലേക്കാണ്

ഇന്നലെ ഒറ്റദിവസം കൊണ്ടാണ് സായി ടീച്ചർ കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപികയായി മാറിയത്. കോഴിക്കോട് വടകര പുറമേരി പഞ്ചായത്തിലെ  മുതുവടത്തൂർ വിവിഎൽപി സ്കൂൾ ഒന്നാം ക്ലാസ് അധ്യാപികയാണ് സായി ശ്വേത ദിലീപ്. ഈ കൊവിഡ് കാലത്ത് കുട്ടികൾക്ക് മാതാപിതാക്കൾക്കും സായി ടീച്ചറിനെ അങ്ങിഷ്ടമായി. 'കുഞ്ഞു കുട്ടികൾ മുതൽ മുതുമത്തശ്ശൻമാർ വരെ എന്റെ ക്ലാസ് കണ്ട് അഭിപ്രായം പറഞ്ഞു. അതിലൊരുപാട് സന്തോഷം തോന്നുന്നു.' സായി ടീച്ചർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനുമായി സംസാരിക്കുന്നു. 

മിട്ടു പൂച്ചയും തങ്കു പൂച്ചയും 

''അധ്യാപകരുടെ ഒരു വാട്ട്സ്ആപ്പ് കൂട്ടായ്മയുണ്ട്. കൂടാതെ ഫേസ്ബുക്ക് പേജും യൂട്യൂബ് പേജുമുണ്ട്. അതുപോലെ തന്നെ അധ്യാപക കൂട്ടം എന്ന പേരിലൊരു ബ്ലോ​ഗുമുണ്ട്. അധ്യാപക കൂട്ടം നടത്തിയ സർ​ഗവസന്തം എന്ന് പേരുള്ള ഓൺലൈൻ പരിശീലന പരിപാടിയുണ്ടായിരുന്നു. അതിലൊരു മെമ്പറായിരുന്നു ഞാൻ. അഞ്ച് ജില്ലകളിലെ കുട്ടികളെ പഠിപ്പിക്കാനുള്ള അവസരം ലഭിച്ചു. അതിൽ നിന്ന് പൗലോസ് സാർ കണ്ട് ഇഷ്ടപ്പെട്ടപ്പോ ആ ​ഗ്രൂപ്പിലേക്ക് എന്നെയും ചേർത്തു. ​ഗ്രൂപ്പിന്റെ അഡ്മിനായ രതീഷ് സാറിനെ ഈ പൂച്ചകളുടെ കഥ ചുരുക്കി, ഏഴ് മിനിറ്റുള്ള ഒരു വീഡിയോ ആക്കി അയച്ചു കൊടുത്തു. പണ്ട്  എപ്പഴോ കേട്ട ഒരു കഥയാണിത്. അതിന് ഞാൻ എന്റേതായ രീതിയിൽ ഒരു പേരുകളൊക്കെ ഇട്ട് മാറ്റം വരുത്തിയാണ് പറഞ്ഞത്. ഈ വീഡിയോ അധ്യാപക കൂട്ടം ബ്ലോ​ഗിൽ എത്തുകയും അതിൽ നിന്ന് എസ്എസ്കെ എന്നെ വിളിക്കുകയുമാണ് ചെയ്തത്.'' 

സായിടീച്ചറും ട്രോളുകളും

''കഴിഞ്ഞ വർഷം രണ്ടാം ക്ലാസിലാണ് പഠിപ്പിച്ചത്. അന്ന് രണ്ടാം ക്ലാസിലുണ്ടായിരുന്ന എന്റെ മക്കളുടെ ഒരു പ്രതികരണം ആലോചിച്ചിട്ടാണ് ഞാനതിൽ ഇങ്ങനെയൊരു ശൈലി സ്വീകരിച്ചത്. ഒരു ഫ്ലോയിൽ കഥ പറയാൻ തുടങ്ങി. വെറുതെ കാമറ നോക്കി പറയുമ്പോൾ അത് കുട്ടികളോടുള്ള ഒരു വെറും പറച്ചിൽ മാത്രമായി പോകും. കുട്ടികൾ മുന്നിലുണ്ടെന്ന് തോന്നുന്ന പോലെ പറയുമ്പോൾ അത് കാണുന്നവർക്കും ഒരു ഫീൽ വരുമല്ലോ.'' കുഞ്ഞുങ്ങളെ എങ്ങനെയാണ് വരുതിയിലാക്കിയതെന്ന് ടീച്ചര്‍ പറയുന്നു. ഒന്നാം ക്ലാസ് വേണമെന്ന് പറഞ്ഞിട്ടാണ് സായിടീച്ചർ അങ്ങോട്ട് മാറിയത്. കാരണം ഇതാണ്, 'എനിക്ക് കുഞ്ഞുമക്കളെ ഭയങ്കര ഇഷ്ടാ.' കഴിയുന്നത്രേം കാലം ഒന്നാം ക്ലാസിൽ തന്നെ പഠിപ്പിക്കണമെന്നാണ് ആ​ഗ്രഹമെന്നും സായിടീച്ചർ കൂട്ടിച്ചേർക്കുന്നു. 

നല്ലതും ചീത്തയുമായ ട്രോളുകള്‍ വീഡിയോയ്ക്ക് താഴെ ലഭിച്ചെന്നും സായി ടീച്ചര്‍ വ്യക്തമാക്കി.  ''ആദ്യം കിട്ടിയ ട്രോൾ ഞാൻ തന്നെയാണ് ഫേസ്ബുക്കിൽ ഷെയർ ചെയ്തത്. അതിന് ശേഷം ട്രോളുകളിങ്ങനെ വരുന്നത് കണ്ടു. പിന്നീടാണ് രാത്രിയോടെ മോശപ്പെട്ട ട്രോളുകൾ വരുന്നത്. നമ്മുടെ പൊതുവിദ്യാഭ്യാസ വകുപ്പിനെ തന്നെ മോശപ്പെടുത്തിയിട്ടുള്ള ട്രോളുകളൊക്കെ കണ്ടു. അസഭ്യം പറഞ്ഞ് വരുന്ന കമന്റ്സിനും ട്രോളിനുമൊക്കെ ആളുകൾ പ്രതികരിക്കുന്നതും കണ്ടു.'  ഒരു വർഷത്തെ അധ്യാപന പരിചയം മാത്രമേയുള്ളൂ സായി ടീച്ചർക്ക്. തൊട്ടുമുന്നിൽ കുട്ടികളിരിക്കുന്നുണ്ടെന്നും മറുപടി കിട്ടുന്നുണ്ടെന്നുമുള്ള തോന്നൽ ഉളവനാക്കുന്ന രീതിയായിരുന്നു സായിടീച്ചറുടെ അധ്യാപനത്തിന്റേത്. അതുകൊണ്ട് തന്നെയാണ് ഒറ്റ ദിവസം കൊണ്ട് ഈ അധ്യാപിക ശ്രദ്ധിക്കപ്പെട്ടത്.

ടിക് ടോക്കിലും സായി ടീച്ചർ താരമാണ്

സായി ടീച്ചർ സമൂഹമാധ്യമങ്ങളിൽ മുമ്പും താരമാണ്. പ്രായഭേദമെന്യേ എല്ലാവരും വീഡിയോ ചെയ്യാൻ ഓടിക്കൂടുന്ന ടിക് ടോക്കിലെ വൈറല്‍ താരം. കാമറയെ പേടിക്കാതെ, ക്ലാസെടുക്കാൻ ഈ ടിക് ടോക് വീഡിയോകൾ ഒരു പരിധി വരെ സഹായിച്ചിട്ടുണ്ടെന്നും സായി ടീച്ചർ വെളിപ്പെടുത്തുന്നു. ഒന്നര ലക്ഷത്തിലധികം പേരാണ് സായി ശ്വേതയുടെ ടിക് ടോക് അക്കൗണ്ട് ലൈക്ക് ചെയ്തിരിക്കുന്നത്. മുപ്പത്തിമൂവായിരത്തിലധികം പേരാണ് സായി ടീച്ചറെ ഫോളോ ചെയ്തിരിക്കുന്നത്.

ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതിനെ തുടർന്ന് കുട്ടികളെങ്ങനെ സ്കൂളിൽ പോകും എന്ന് ആലോചിച്ചാണ് പല മാതാപിതാക്കളും ആശങ്കപ്പെട്ടത്. എന്നാൽ എല്ലാ ആശങ്കകളും അസ്ഥാനത്താണെന്ന് തെളിയിച്ചു കൊണ്ടാണ് സായി ടീച്ചറിനെയും അഞ്ജു ടീച്ചറിനെയും പോലെയുള്ള അധ്യാപകർ ഓൺലൈൻ ക്ലാസ് റൂമുകളിലെത്തിയതും ക്ലാസ്സെടുത്തതും. കുട്ടികളെ ടെലിവിഷന് മുന്നിൽ പിടിച്ചിരുത്തുക എന്നത് വളരെ ശ്രമകരമായ ഒരു ജോലിയാണ്. അതിന് സാധിക്കുക എന്നതാണ് പ്രധാനം. പ്രവേശനോത്സവ ദിവസത്തിൽ പൂവും ബലൂണുകളും കൊടുത്ത് കുഞ്ഞുങ്ങളെ ക്ലാസ് മുറിയിലിരുത്തുന്ന അതേ സ്വാ​ഗതം തന്നെയാണ് ഓൺലൈൻ ക്ലാസ്മുറികളിലും കുട്ടികൾക്ക് നൽ‌കുന്നത്. ഒന്നാം ദിനം അവസാനിച്ചപ്പോൾ കുഞ്ഞുങ്ങൾ സൈബർ ക്ലാസ് റൂമുകളുമായി പൊരുത്തപ്പെടാൻ തയ്യാറാണ് എന്ന് വേണം കരുതാൻ.