കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തെ ഡിജിറ്റൽ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന കൈറ്റിന്റെ 'സമഗ്ര പ്ലസ്' എ.ഐ പ്ലാറ്റ്ഫോമിന് വീണ്ടും ദേശീയ പുരസ്‌കാരം. 

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയിലെ ഡിജിറ്റൽ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷന് (കൈറ്റ്) വീണ്ടും ദേശീയ തലത്തിൽ തിളക്കമാർന്ന അംഗീകാരം. ദില്ലിയിൽ നടന്ന 'ഗവേണൻസ് നൗ' ആറാമത് ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സമ്മിറ്റിൽ കൈറ്റിന്റെ 'സമഗ്ര പ്ലസ്' എ.ഐ പ്ലാറ്റ്ഫോമിനാണ് പുരസ്‌കാരം ലഭിച്ചത്. ഇ-ലേണിംഗ്, അസസ്മെന്റ്, ഡിജിറ്റൽ എഡ്യൂക്കേഷൻ പ്ലാറ്റ്ഫോം എന്നീ മേഖലകളിലെ മികവിനാണ് ഈ നേട്ടം. നെഹ്റു പ്ലേസ് ഹോട്ടൽ ഇറോസിൽ നടന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിച്ചു.

കുട്ടികൾക്ക് ഓരോരുത്തർക്കും അവരുടെ പഠനനിലവാരത്തിനനുസരിച്ച് പഠനം ക്രമീകരിക്കുന്നതിന് സഹായിക്കുന്ന നൂതന എ.ഐ. പ്ലാറ്റ്ഫോമാണ് 'സമഗ്ര പ്ലസ് 'എ.ഐ. ഇതിനായി ചാറ്റ് ബോട്ട് സംവിധാനം, ക്വിസ്, ഇംഗ്ലീഷ് ഭാഷയുമായി ബന്ധപ്പെട്ട വിവിധ കളികൾ, സ്പീച്ച് അസിസ്റ്റന്റ്, പ്രത്യേക വിലയിരുത്തൽ സംവിധാനങ്ങൾ തുടങ്ങിയ വിവിധ മൊഡ്യൂളുകൾ പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിർമിത ബുദ്ധി സാങ്കേതികവിദ്യയുടെ അൽഗോരിതം പക്ഷപാതങ്ങളെക്കുറിച്ചുള്ള ആശങ്കകൾ പൂർണ്ണമായും ഒഴിവാക്കി, കരിക്കുലം ചട്ടക്കൂടിനകത്ത് നിന്നുകൊണ്ടാണ് ഈ എ.ഐ പ്ലാറ്റ്ഫോം വികസിപ്പിച്ചിട്ടുള്ളതെന്ന് കൈറ്റ് സിഇഒ കെ അൻവർ സാദത്ത് പറഞ്ഞു.

സമഗ്ര പ്ലസ് എ.ഐ പ്ലാറ്റ്ഫോമിന് തുടർച്ചയായി ലഭിക്കുന്ന രണ്ടാമത്തെ പ്രധാന ദേശീയ പുരസ്‌കാരമാണിത്. 2025 ഡിസംബർ ഭുവനേശ്വറിൽ നടന്ന 19-ാമത് ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ കോൺക്ലേവിൽ 'എഡ്യൂക്കേഷൻ ടെക്നോളജി ട്രാൻസ്ഫോർമേഷൻ അവാർഡും' ഇതേ പ്ലാറ്റ്ഫോമിന് ലഭിച്ചിരുന്നു.