തിരുവന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച വിഷയത്തിൽ തീരുമാനമെടുക്കുക കൊവിഡ് വ്യാപനം വിലയിരുത്തിയതിന് ശേഷമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്.  ഓണത്തിന് ശേഷമെങ്കിലും ഏതാനും സ്കൂളുകൾ പരീക്ഷണാടിസ്ഥാനത്തിൽ തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും അധികൃതർ അറിയിച്ചു. എന്നാൽ അടുത്ത മാസം കൊവിഡ് വ്യാപനം വിലയിരുത്തിയതിന് ശേഷം മാത്രമേ തീരുമാനമെടുക്കൂ. വിവിധ ജില്ലകളിലും വിവിധ പഞ്ചായത്തുകളിലും രോ​ഗവ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ നിലവിൽ സ്കുളുകൾ തുറക്കുന്നത് ആശങ്കകൾക്കിടയാക്കും.

സ്കൂൾ പഠനവുമായി ബന്ധപ്പെട്ട് ഓ​ഗസ്റ്റ് മാസം തീരുമാനം കൈക്കൊള്ളുമെന്ന് സൂചന. സെപ്റ്റംബറിലും സ്കൂളുകൾ തുറക്കാൻ സാധിച്ചില്ലെങ്കിൽ മാത്രമേ സിലബസ് വെട്ടിക്കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ആലോചിക്കൂ. കൊവിഡ് വ്യാപനം കണക്കിലെടുത്ത് സിബിഎസ്ഇ സിലബസ് വെട്ടിച്ചുരുക്കിയിരുന്നു. സ്കൂളുകൾ പലതും ഇപ്പോൽ ഫസ്റ്റ് ലെവൽ ട്രീറ്റ്മെന്റ് സെന്ററുകളായി പ്രവർത്തിക്കുകയാണ്. സ്കൂളുകൾ തുറക്കേണ്ട സാഹചര്യം വന്നാൽ എല്ലാ സ്കൂളുകളിലും അണുനശീകരണം നടത്തേണ്ടതും അത്യാവശ്യമാണ്. ജൂലൈ മാസം വരെ എല്ലാ സ്കൂളുകളും അടച്ചിടാനാണ് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം.