ദില്ലി: സിവിൽ സർവ്വീസിലും മറ്റ് കേന്ദ്രസർക്കാർ തസ്തികകളിലെയും റിക്രൂട്ട്മെന്റ് അപേക്ഷകളിൽ ലിം​ഗഭേദം രേഖപ്പടുത്തുന്ന സ്ത്രീ, പുരുഷൻ എന്നിവയ്ക്കൊപ്പം ട്രാൻജെൻഡർ വിഭാഗം കൂടി ചേർക്കണമെന്ന് കേന്ദ്ര നിർദേശം. ട്രാൻസ്ജെൻഡർ പേഴ്സൺസ് (പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്സ്) അടിസ്ഥാനത്തിലാണ് വിവിധ വകുപ്പുകളോട് പേഴ്സണൽ മന്ത്രാലയത്തിന്റെ ഉത്തരവ്. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള വിവിധ തസ്തികകളിലേക്കുള്ള അപേക്ഷാ ഫോമുകളിൽ സ്ത്രീ, പുരുഷൻ എന്നിവയ്ക്കൊപ്പം മൂന്നാമതൊരു വിഭാഗം കൂടി ചേർക്കുന്നത്‌ കാലങ്ങളായി പരിഗണനയിൽ ഉള്ള വിഷയമായിരുന്നെന്നും  മന്ത്രാലയം വ്യക്തമാക്കി. 

ഫെബ്രുവരി അഞ്ചിന് പുറത്തിറക്കിയ സിവിൽ സർവീസസ് വിജ്ഞാപനപ്രകാരം ലിംഗം രേഖപ്പെടുത്തേണ്ട കോളത്തിൽ ട്രാൻസ്ജെൻഡർ വിഭാ​ഗത്തെയും ഉൾപ്പെടുത്തിയിരുന്നു. ഇതേ മാതൃക പിന്തുടരാനാണ് എല്ലാ വകുപ്പുകളോടും ഇപ്പോൾ ഉത്തരവിട്ടിരിക്കുന്നത്. തൊഴിൽ, പ്രമോഷൻ, റിക്രൂട്ട്മെന്റ് എന്നീ കാര്യങ്ങളിൽ ട്രാൻസ്ജെൻഡർ വിഭാഗത്തോട് യാതൊരു വേർതിരിവും പാടില്ലെന്നും അവർക്കായി നാഷണൽ കൗൺസിൽ രൂപീകരിക്കണമെന്നും 2019-ലെ ആക്ടിൽ പറയുന്നുണ്ട്. സ്വയം തിരിച്ചറിഞ്ഞ് ലിം​ഗസ്വത്വത്തിലൂടെ മുന്നോട്ട് ജീവിക്കാൻ അവകാശം അവർക്കുണ്ടെന്നും ആക്റ്റിൽ വ്യക്തമാക്കുന്നു.