തിരുവനന്തപുരം:  ഐസിഎസ്ഇ (പത്താം ക്ലാസ്), ഐഎസ്‌സി (12–ാം ക്ലാസ്) ശേഷിക്കുന്ന പരീക്ഷകൾ എഴുതണോ വേണ്ടയോ എന്നു വിദ്യാർഥികൾക്കു തീരുമാനിക്കാമെന്നു ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് കൗൺസിൽ. എഴുതുന്നില്ലെങ്കിൽ, മുൻ ബോർഡ് പരീക്ഷകളിലേയോ ഇന്റേണൽ അസെസ്മെന്റ് പരീക്ഷകളിലേയോ മാർക്കിന്റെ അടിസ്ഥാനത്തിലാകും വിലയിരുത്തൽ. ഏതു വേണമെന്നു വിദ്യാർഥികൾക്കു തീരുമാനിക്കാം. ശേഷിക്കുന്ന പരീക്ഷകളിൽ മാത്രമാവും ഈ ഓപ്ഷൻ. അതേസമയം, ചില വിഷയങ്ങൾ എഴുതാനും ചിലത് ഒഴിവാക്കാനുമുള്ള അവസരം ഉണ്ടാവില്ല. പരീക്ഷ എഴുതുന്നില്ലെന്നാണു തീരുമാനമെങ്കിൽ ശേഷിക്കുന്ന എല്ലാ വിഷയങ്ങളും ഒഴിവാക്കേണ്ടി വരും. 

കോവിഡ് വ്യാപനം ശക്തമായിരിക്കെ പരീക്ഷകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജിക്കു മറുപടിയായി കൗൺസിൽ ഇക്കാര്യം ബോംബെ ഹൈക്കോടതിയെ അറിയിച്ചു. പരീക്ഷ എഴുതുന്നുണ്ടോ അതോ മൂല്യനിർണയം മുൻ പരീക്ഷകളുടെ അടിസ്ഥാനത്തിൽ മതിയോ എന്ന കാര്യം 22നു മുൻപ് അറിയിക്കാനാണ് കൗൺസിൽ നിർദേശിച്ചിരിക്കുന്നത്. രാജ്യവ്യാപക ലോക്ഡൗൺ മൂലം മാറ്റിവച്ച പരീക്ഷകൾ ജൂലൈ 1 മുതൽ 14 വരെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഉപരിപഠനത്തിൽ നിർണായകമായ വിഷയങ്ങൾ മാത്രം സിബിഎസ്ഇ നടത്തുമ്പോൾ ശേഷിക്കുന്ന മുഴുവൻ വിഷയങ്ങളും നടത്താനാണ് സിഐഎസ്‍സിഇ തീരുമാനം.