ഈ ​ഗ്രാമത്തിൽ ശരിയായ വിധത്തിൽ മൊബൈലിന് റേഞ്ചില്ല. അതുകൊണ്ട് കുട്ടികളെല്ലാം ക്ലാസിന് സമയമാകുമ്പോൾ കുന്നിൻ മുകളിലെ മരങ്ങളിൽ കയറിയിരിക്കും.

കൊരാപട്ട്: ഒഡീഷയിലെ സിമിലി​ഗുഡ് ​ബ്ലോക്കിലെ ദുദാരി ​ഗ്രാമാതിർത്തിയിലെ കുന്നിൻമുകളിൽ ഈയടുത്ത ദിവസങ്ങളിലായി ഒരു കാഴ്ച പതിവാണ്. ഈ ​ഗ്രാമത്തിലെ കുട്ടികൾ തങ്ങളുടെ മൊബൈൽ ഫോണുമായി എല്ലാ ദിവസവും ഈ കുന്നിന്‌ മുകളിലെ മരങ്ങളിൽ കയറിയിരിക്കും. മരച്ചില്ലകളിൽ ബാലൻസ് തെറ്റാതെ പിടിച്ചിരുന്നാണ് ഇവർ‌ മൊബൈൽ ഫോണിലൂടെയുള്ള ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നത്. മരത്തിന് മുകളിലിരുന്ന് കൊണ്ട് തന്നെ നോട്ട്സും എഴുതിയെടുക്കും. 

മരത്തിന് മുകളിലുള്ള ഇരിപ്പ് അപകടസാധ്യതയുള്ളതാണെങ്കിലും ഈ കുട്ടികൾക്ക് പഠിക്കാൻ മറ്റ് മാർ​ഗങ്ങളൊന്നുമില്ല. ഈ ​ഗ്രാമത്തിൽ ശരിയായ വിധത്തിൽ മൊബൈലിന് റേഞ്ചില്ല. അതുകൊണ്ട് കുട്ടികളെല്ലാം ക്ലാസിന് സമയമാകുമ്പോൾ കുന്നിൻ മുകളിലെ മരങ്ങളിൽ കയറിയിരിക്കും. അല്ലെങ്കിൽ ക്ലാസ് നഷ്ടപ്പെടും. ദുദാരി ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ തബാ നായക് അതിരാവിലെ ഭക്ഷണവും ബുക്കുകളുമടങ്ങുന്ന ബാ​ഗുമായി രണ്ട് കിലോമീറ്റർ നടന്നാണ് കുന്നിൻമുകളിൽ എത്തുന്നത്. ഒപ്പം മറ്റ് കുട്ടികളുമുണ്ട്. 'ദിവസത്തിൽ കൂടുതൽ സമയം ചിലപ്പോൾ കുന്നിൻ മുകളിൽ ചെലവഴിക്കേണ്ടി വരും. കാരണം വ്യത്യസ്ത സമയങ്ങളിലാണ് ക്ലാസുകൾ നടത്തുന്നത്. ഭക്ഷണവും വെള്ളവും എടുത്തിട്ടാണ് പോകുന്നത്. അതുകൊണ്ട് തിരികെ വരേണ്ടി വരുന്നില്ല.' തബ പറഞ്ഞു.

12 പേരടങ്ങുന്ന ഒരു സംഘമായിട്ടാണ് മലമുകളിലേക്ക് യാത്ര ആരംഭിക്കുന്നതെന്ന് തബ നായക് പറയുന്നു. മറ്റ് പ്രദേശങ്ങളിൽ നിന്നും കുട്ടികൾ ഇവിടേയ്ക്ക് എത്തുന്നുണ്ട്. 'കൊവിഡ് 19 വ്യാപനത്തെ തുടർന്ന് സ്കൂളുകൾ എല്ലാം അടച്ച് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. ക്ലാസിൽ പങ്കെടുക്കാൻ കഴിയാതെ വന്നാൽ അടുത്ത ക്ലാസിലേക്ക് സ്ഥാനക്കയറ്റം ലഭിക്കില്ല. അതുകൊണ്ട് ക്ലാസുകൾ നഷ്ടപ്പെടുത്താറില്ല.' തബയുടെ സഹപാഠിയായ സജേന്ദ്ര സിം​ഗ് പറഞ്ഞു. ഒറ്റപ്പെട്ട സ്ഥലങ്ങളിലായിരിക്കും ചിലപ്പോൾ മൊബൈലിന് റേഞ്ച് ലഭിക്കുക. ഇവിടം ഒട്ടും സുരക്ഷിതമല്ല. എന്നാലും പഠിക്കാൻ ഇതല്ലാതെ മറ്റ് മാർ​ഗങ്ങളൊന്നുമില്ലെന്ന് കുട്ടികൾ പറയുന്നു. 

ദുദാരി ​ഗ്രാമത്തിൽ ഇതുവരെ മൊബൈൽ ടവർ ഇല്ലെന്ന് സെംലി​ഗുഡ നിവാസിയായ സുനം ഹന്തൽ എന്ന വ്യക്തി വെളിപ്പെടുത്തി. 'സെംലി​ഗുഡയിൽ ജിയോ, ബിഎസ്എൻഎൽ എന്നീ ടവറുകൾ ഉണ്ടെങ്കിലും ഇവ ശരിയായി റേഞ്ച് കിട്ടുന്നില്ല. സ്മാർട്ട് ഫോണുകളോ മൊബൈലിന് റേഞ്ചോ ഇല്ലാത്ത ​ഗ്രാമങ്ങളിൽ ഓൺലൈൻ വിദ്യാഭ്യാസം ഒട്ടും പ്രായോ​ഗികമല്ല. അതുപോലെ ഇവിടങ്ങളിൽ പതിവായി വൈദ്യുതി തടസ്സവും സംഭവിക്കുന്നുണ്ട്.' സുനം വ്യക്തമാക്കി. 

കുട്ടികളുമായി ആശയവിനിമയം നടത്താൻ വാട്ട്സ് ആപ്പ് ​ഗ്രൂപ്പുകൾ നിർ‌മ്മിക്കാൻ അധ്യാപകരോട് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ജില്ലയിലെ 2439 സ്കൂളുകളിലെ 1,66,494 വിദ്യാർത്ഥികൾക്കായി 13,028 വാട്ട്സ് ആപ്പ് ​ഗ്രൂപ്പുകളാണ് തയ്യാറാക്കിയത്. ശിക്ഷാ സംജ്യോ​ഗ് പദ്ധതിക്ക് കീഴിലുള്ള ക്ലാസുകളിൽ 21 ശതമാനം കുട്ടികൾ മാത്രമേ പങ്കെടുക്കുന്നുള്ളൂ എന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ രാമചന്ദ്ര നാഹക് പറഞ്ഞു. വിദ്യാർത്ഥികൾക്ക് മതിയായ സജ്ജീകരണങ്ങൾ നൽകിയാൽ മാത്രമേ ഇത്തരം പദ്ധതികൾക്ക് പ്രതീക്ഷിച്ച ഫലം ലഭിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.