ദില്ലി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ എംയിസ് നടത്താനിരിക്കുന്ന ഡിഎം/എംസി എച്ച് സൂപ്പർ സ്പെഷ്യാലിറ്റി കോഴ്സുകളിലേക്കുള്ള  പരീക്ഷകൾ മാറ്റിവെയ്ക്കണമെന്ന ആവശ്യവുമായി വിദ്യാർത്ഥികൾ. മലയാളികൾ അടക്കം 1500 ലേറെ പേരാണ് പരീക്ഷ എഴുതുന്നത്. അഖിലേന്ത്യാ തലത്തിൽ നടത്തുന്ന പരീക്ഷയ്ക്ക് മുംബൈ, ദില്ലി, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിൽ മാത്രമാണ് സെന്ററുകൾ ഉളളത്. നിലവിലെ സാഹചര്യത്തിൽ പരീക്ഷ മാറ്റിവെയ്ക്കണം എന്നാവശ്യപ്പെട്ടിട്ടും നടപടിയില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു. കൂടൂതൽ സെന്ററുകൾ ആവശ്യപ്പെട്ടിട്ടും അനുവദിച്ചില്ലെന്നും വിദ്യാർത്ഥികൾ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. നാളെയാണ് പരീക്ഷ തീയതി. 

കൊവിഡ് വ്യാപനത്തെ തുടർന്ന് നീറ്റ് പിജി എൻട്രൻസ് പരീക്ഷ മാറ്റിവെച്ചിട്ടുണ്ട്. ഈ മാസം 18 ന് നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷയാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. കൊവിഡ് സാഹചര്യത്തിലാണ് പരീക്ഷ മാറ്റിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ട്വീറ്റിൽ വ്യക്തമാക്കി.