പഠനമികവിന്റെ അടിസ്ഥാനത്തിൽ പാസ്സാക്കുമെന്ന് യുക്രൈൻ അറിയിച്ചതായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി.

ദില്ലി: യുക്രൈനിൽ (Ukraine) നിന്ന് തിരിച്ചെത്തിയ ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികൾക്ക് (indian medical students) ആശ്വാസം. പഠനമികവിന്റെ അടിസ്ഥാനത്തിൽ പാസ്സാക്കുമെന്ന് യുക്രൈൻ അറിയിച്ചതായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി. തുടർപഠനമേറ്റെടുക്കാൻ ഹം​ഗറി തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. യുക്രെയിനിൽ നിന്ന് മടങ്ങിയെത്തിയ മലയാളി വിദ്യാർത്ഥികളുടേതടക്കം തുടർപഠനം ഏറെ പ്രതിസന്ധി നേരിടുകയാണ്. ഈ ഘട്ടത്തിലാണ് തുടർപഠനവുമായി ബന്ധപ്പെട്ട് ചില ഇളവുകൾ പ്രഖ്യാപിച്ചതായി യുക്രൈൻ സർക്കാർ അറിയിച്ചതായി വിദേശകാര്യമന്ത്രി ഇന്ന് പാർലമെന്റിൽ അറിയിച്ചിരിക്കുന്നത്. യുക്രൈൻ വിഷയവുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

YouTube video player

യുക്രൈൻ ആരോ​ഗ്യ മന്ത്രാലയം രണ്ട് പരീക്ഷകൾ നടത്തുന്നുണ്ട്. ക്രോക് 1, ക്രോക് 2. അതായത് മൂന്നാം വർഷത്തിൽ നിന്ന് നാലാം വർഷത്തിലേക്ക് കടക്കുമ്പോഴാണ് ക്രോക് 1 പരീക്ഷ നടത്തുന്നത്. ഇത് ഈ വർഷം നടപ്പാക്കില്ല എന്നാണ് തീരുമാനിച്ചിരിക്കുന്നത്. പഠനമികവിനെ ആധാരമാക്കി മൂന്നാം വർഷത്തിൽ നിന്ന് നാലാം വർഷത്തിലേക്ക് വിദ്യാർത്ഥികളെ ജയിപ്പിക്കുകയാണ്. ആറാം വർഷവും ക്രോക് 2ാം പരീക്ഷയുണ്ട്. അതും നടത്തുന്നില്ല. അവിടെയും പഠനമികവ് തന്നെ ആധാരമാക്കും എന്നുള്ളതാണ്. 

ഒപ്പം 1, 2, 5 വർഷം പഠിക്കുന്ന മറ്റ് വിദ്യാർത്ഥികളുടെ പഠനം മറ്റ് രാജ്യങ്ങൾ ഏറ്റെടുക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ പുരോ​ഗമിക്കുന്നുണ്ട്. 1319 വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ലോൺ ഉണ്ടെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. ഹം​ഗറി ഇവരുടെ പഠനം ഏറ്റെടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്. അതുപോലെ തന്നെ പോളണ്ട്, റുമാനിയ, ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളുമായി ചർച്ച നടക്കുന്നുവെന്നും വിദേശ കാര്യമന്ത്രി ഇന്ന് പാർലമെന്റിൽ അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വിദ്യാർത്ഥി സമൂഹത്തിന് ആശങ്ക വേണ്ടെന്നുള്ള കാര്യമാണ് അദ്ദേഹം വ്യക്തമാക്കിയത്.