മലപ്പുറം: പേരക്കുട്ടികൾ ക്ലാസിലിരുന്ന് പഠിക്കുമ്പോൾ അവർക്കൊപ്പം പഠിക്കുന്ന ഒരു വല്യുമ്മയുണ്ട് മലപ്പുറം മൊറയൂരിൽ. തൊണ്ണൂറുകാരിയായ ഈ വല്യുമ്മയുടെ ക്ലാസ് ആസ്വാദനം കാണേണ്ടത് തന്നെയാണ്. മലപ്പുറം സ്വദേശിനിയായ സുബൈദയാണ് കുട്ടികൾക്കൊപ്പം ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നത്. ഓൺലൈനിൽ ഓരോ ക്ലാസ്സും കണ്ട്, പ്രതികരിച്ചാണ് വല്യുമ്മയുടെ പഠനം. ഈ പ്രായത്തിലും പഠനത്തെ ഇത്രയധികം ഉത്സാഹത്തോടെ സമീപിക്കുന്നതിന് പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട്.

ചെറുപ്പത്തിൽ സാഹചര്യങ്ങൾ പ്രതികൂലമായതിനാൽ വല്യുമ്മയ്ക്ക് പഠിക്കാൻ സാധിച്ചില്ല. എന്നാൽ ആ സങ്കടമെല്ലാം മാറിയത് ഈ ഓൺലൈൻ കാലത്താണ്. 'അന്നൊന്നും എന്നെ കൊണ്ടാക്കനാളില്ല. കൊണ്ടുപോയി ചേർക്കാൻ ആരെങ്കിലും വേണ്ടേ? ആളില്ലാത്തത് കൊണ്ട് പോയില്ല.' സ്കൂളിൽ പോകാൻ ആ​ഗ്രഹിച്ചിരുന്നോ എന്ന ചോദ്യത്തിന് വല്യുമ്മയുടെ മറുപടി. 'പഠിക്കാനൊക്കെ ഇഷ്ടമാണ് പക്ഷേ മനസ്സില് നിക്കണില്ല. വയസ്സായില്ലേ? 'സുബൈദ ഉമ്മ ചോദിക്കുന്നു.  ഇത്രയും ആസ്വദിച്ച് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്ന വല്യുമ്മയ്ക്ക് ഒരാ​ഗ്രഹം കൂടിയുണ്ട്. വീട്ടിലിതുവരെ ടിവിയില്ല. ഒരു ടിവി വേണം. ജീവിതത്തിന്റെ പ്രാരാബ്ധങ്ങൾ ടിവി വാങ്ങാനുള്ള സാഹചര്യമുണ്ടായില്ല.