Asianet News MalayalamAsianet News Malayalam

UPSC CSE : 'നിങ്ങളാര് കളക്ടറോ'? യുപിഎസ്‍സി ടോപ്പറാക്കിയതിന് പിന്നിലെ അധിക്ഷേപ ചോദ്യമിതാണെന്ന് പ്രിയങ്ക ഐഎഎസ്

ഒരു അപമാന ചോദ്യം നേരിട്ടതിനെ തുടർന്നാണ് പ്രിയങ്ക, ഡോക്ടർ ജോലി ഉപേക്ഷിച്ച് സിവിൽ സർവ്വീസ് ഉദ്യോ​ഗസ്ഥയായത്. 

success story of Priyanka Shukla IAS
Author
Delhi, First Published Apr 26, 2022, 4:05 PM IST

അപമാനിക്കപ്പെടുക എന്നത് എല്ലായ്പ്പോഴും സങ്കടകരമാണ്. അത് ഏത് സാഹചര്യത്തിലാണെങ്കിൽ പോലും. 'ഇൻസൾട്ടാണ് ജീവിതത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ്' എന്നൊക്കെ സിനിമയിൽ കേൾക്കാൻ കൊള്ളാം. എന്നാൽ യഥാർത്ഥ ജീവിതത്തിൽ അങ്ങനെയാകണമെന്നില്ല. എന്നാൽ ചില വ്യത്യസ്തരായ മനുഷ്യരുണ്ട്. അപമാനത്തെ വെല്ലുവിളിയായി സ്വീകരിക്കുന്നവർ. അത്തരത്തിലുള്ള ഒരു വ്യക്തിയാണ് പ്രിയങ്ക ശുക്ല  ഐഎഎസ്. ഒരു അപമാന ചോദ്യം നേരിട്ടതിനെ തുടർന്നാണ് പ്രിയങ്ക, ഡോക്ടർ ജോലി ഉപേക്ഷിച്ച് സിവിൽ സർവ്വീസ് ഉദ്യോ​ഗസ്ഥയായത്. 

കിംഗ് ജോർജ്ജ് മെഡിക്കൽ കോളേജിൽ പഠിച്ച പ്രിയങ്ക ശുക്ല  മികച്ച രീതിയിൽ തന്നെ എംബിബിഎസ് പൂർത്തിയാക്കി. എന്നാൽ പ്രിയങ്കയുടെ കുടുംബം എപ്പോഴും ആഗ്രഹിച്ചിരുന്നത് അവൾ  ഒരു ഐഎഎസ് ഓഫീസറാകണമെന്നാണ്. ഹരിദ്വാറിലെ ജില്ലാ മജിസ്‌ട്രേറ്റിന്റെ  ഡിപ്പാർട്ട്‌മെന്റിലാണ് പ്രിയങ്കയുടെ പിതാവ് ജോലി ചെയ്തിരുന്നത്. മകൾ കളക്ടറാകണമെന്ന് അദ്ദേഹം അതിയായി ആ​ഗ്രഹിച്ചിരുന്നു. വീടിന് മുന്നിൽ പ്രിയങ്കയുടെ പേര് കളക്ടർ എന്ന് അച്ചടിച്ച ഒരു നെയിംപ്ലേറ്റ് കാണണമെന്ന് അവളുടെ അച്ഛൻ പറഞ്ഞു.

എന്നാൽ ഇതൊന്നും പ്രിയങ്കയെ പ്രചോദിപ്പിച്ചില്ല. ഒരു ഡോക്ടർ എന്നതിനപ്പുറം പ്രൊഫഷണലായി പ്രിയങ്ക ചിന്തിച്ചിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം.  2006-ൽ കെജിഎംയു ലഖ്‌നൗവിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കിയ പ്രിയങ്ക ഒരിക്കൽ പരിശീലനത്തിനായി ഒരു ചേരിയിലേക്ക് പോയി. ഈ സമയത്ത് അവൾക്ക് മെസ്സ് സന്ദർശിക്കേണ്ടി വന്നു. ഇവിടെ വച്ച് ഒരു സ്ത്രീയോടും അവളുടെ കുട്ടികളോടും വൃത്തിഹീനമായ വെള്ളം കുടിക്കരുതെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു. "നിങ്ങൾ കളക്ടറാണോ" എന്നായിരുന്നു ആ സ്ത്രീയുടെ പരുഷമായ മറുചോദ്യം. എന്തിനാണ് തന്നോടിങ്ങനെ പ്രതികരിച്ചതെന്ന് പ്രിയങ്ക ചോദിച്ചു. 'കളക്ടറാണെങ്കിൽ മാത്രം തങ്ങളുടെ കുടിവെള്ളത്തെക്കുറിച്ച് ആശങ്കപ്പെട്ടാൽ മതി' എന്നായിരുന്നു അവരുടെ മറുപടി. 

പ്രിയങ്കയുടെ ഹൃദയത്തിൽ തുളച്ചു കയറുന്നതായിരുന്നു ഈ പ്രതികരണം. സിവിൽ സർവ്വീസ് എഴുതാമെന്ന് പ്രിയങ്ക തീരുമാനിക്കുന്നത് ഈ ചോദ്യത്തിന് ശേഷമാണ്. “എംബിബിഎസ് പൂർത്തിയാക്കിയ ശേഷം ഞാൻ ബിരുദാനന്തര പ്രവേശന പരീക്ഷയൊന്നും എഴുതിയില്ല, കാരണം എന്റെ മനസ്സ് പൂർണ്ണമായും സിവിൽ സർവീസ് പരീക്ഷയിൽ കേന്ദ്രീകരിച്ചു. പക്ഷേ പരാജയഭീതി വളരെയധികമായിരുന്നു. ആ സമയങ്ങളിലെല്ലാം അമ്മയുടെ വാക്കുകളിൽ നിന്നാണ് ധൈര്യം ലഭിച്ചിരുന്നത്.'' പ്രിയങ്ക പറയുന്നു.

സിലബസ് 4-5 ഭാഗങ്ങളായി തിരിച്ചാണ് പ്രിയങ്ക യുപിഎസ്‌സി തയ്യാറെടുപ്പ് ആരംഭിച്ചത്. ഇതിനുശേഷം, അവൾ 9, 10, 11, 12 ക്ലാസുകളിലെ NCERT ബുക്കുകൾ പൂർത്തിയാക്കി. എന്നാൽ ആദ്യ ശ്രമത്തിൽ പരാജയപ്പെട്ടു. "എന്റെ ആദ്യ ശ്രമത്തിന് ശേഷം, ഞാൻ ഒരു വർഷം അവധിയെടുത്തു, 2008-ൽ പരീക്ഷയ്ക്ക് വീണ്ടും ഹാജരായി, 2009 വരെ ഫലത്തിനായി കാത്തിരിക്കേണ്ടി വന്നു. ഈ നീണ്ട യാത്രയിൽ ക്ഷമ അനിവാര്യമാണെന്ന് ഞാൻ മനസ്സിലാക്കി. വിജയത്തിന് കുറുക്കുവഴികളില്ലെന്ന് എപ്പോഴും ഓർക്കുക."  യുപിഎസ്‌സി തയ്യാറെടുപ്പിൽ കുറുക്കുവഴികൾ തേടരുതെന്ന് ഉദ്യോ​ഗാർത്ഥികൾക്ക് പ്രിയങ്ക മുന്നറിയിപ്പ് നൽകുന്നു. 

പ്രിയങ്ക തന്റെ ആദ്യ ശ്രമത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളുകയും വീണ്ടും തന്റെ രണ്ടാം ശ്രമത്തിനുള്ള തയ്യാറെടുപ്പ് ആരംഭിക്കുകയും ചെയ്തു. കൃത്യസമയത്ത് അവളുടെ സിലബസ് പൂർത്തിയാക്കി.  ഭൂമിശാസ്ത്രം ആയിരുന്നു അവളുടെ ഐച്ഛിക വിഷയം. 2009 ൽ പ്രിയങ്ക UPSC CSE 2009-ൽ 73-ാം റാങ്ക് കരസ്ഥമാക്കുകയും ചെയ്തു. മികച്ച ചിത്രകാരിയും നർത്തകിയും കൂടിയാണ് പ്രിയങ്ക. 

Follow Us:
Download App:
  • android
  • ios