ദില്ലി: സിവിൽ സർവ്വീസ് പ്രിലിമിനറി പരീക്ഷ എഴുതാൻ എത്തുന്ന വിദ്യാർത്ഥികളോട് കർശന നിർദ്ദേശങ്ങളുമായി യുപിഎസ്‍സി. പരീക്ഷാ കേന്ദ്രത്തിൽ സാമൂഹിക അകലവും വ്യക്തിശുചിത്വവും പാലിക്കണമെന്നാണ് നിർദ്ദേശം. ഒക്ടോബർ നാലിനാണ് സിവിൽ സർവ്വീസ് പ്രിലിമിനറി പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. നാലുമാസം വൈകിയാണ് ഇത്തവണ പരീ​ക്ഷ. മെയ് 31 ന് നടക്കേണ്ട പരീക്ഷ കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റി വെക്കുകയായിരുന്നു. സുതാര്യമായ ചെറിയ കുപ്പിയിൽ സാനിട്ടൈസർ‌ കയ്യിൽ കരുതണമെന്നും വിദ്യാർത്ഥികളോട് നിർദ്ദേശിച്ചിട്ടുണ്ട്. 

നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. മാസ്കോ മുഖാവരണമോ ഇല്ലാത്തവരെ പരീക്ഷ നടക്കുന്ന സ്ഥലത്തേയ്ക്ക് പ്രവേശിക്കാൻ അനുവദിക്കുകയില്ല. വെരിഫിക്കേഷന് വേണ്ടി മാത്രമേ മാസ്ക് മാറ്റാൻ പാടുള്ളൂ. കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങളിൽ പ്രധാനപ്പെട്ടവയായ സാമൂഹിക അകലവും വ്യക്തി ശുചിത്വവും പരീക്ഷാ ഹാളിൽ പാലിക്കണം. ആദ്യമായിട്ടാണ് കൊവിഡ് 19 വ്യാപനത്തെ പ്രതിരോധിക്കാൻ പ്രത്യേക നിർദ്ദേശങ്ങൾ യുപിഎസ്‍സി പുറത്തിറക്കിയിരിക്കുന്നത്. 

പരീക്ഷയ്ക്ക് എത്തുന്നതിന് മുമ്പ് കൊവിഡ് ടെസ്റ്റ് നിർബന്ധമാക്കി എന്ന വാർത്ത വ്യാജമാണെന്ന് യുപിഎസ്‍സി വ്യക്തമാക്കിയിട്ടുണ്ട്. സിവിൽ സർവ്വീസ് 2021 ലെ പ്രിലിമിനറി പരീക്ഷ ജൂൺ 27നാണ് നടത്തുക. 2021 ഫെബ്രുവരി 10നായിരിക്കും വിജ്ഞാപനം. 2021 സെപ്റ്റംബറിലായിരിക്കും മെയിൻ പരീക്ഷ. 2019 ലെ സിവിൽ സർവ്വീസ് പരീക്ഷയിൽ ഓ​ഗസ്റ്റ് 4നാണ് ഫലം പ്രഖ്യാപിച്ചത്. ഹരിയാനയിൽ നിന്നുള്ള പ്രദീപ് സിം​ഗ് ആണ് ഒന്നാം റാങ്ക് നേടിയത്.