ദില്ലി: എഞ്ചിനീയറിം​ഗ് പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കവേ അബദ്ധത്തിൽ സീറ്റ് നഷ്ടപ്പെട്ട വിദ്യാർത്ഥിക്ക് ആശ്വാസമായി സുപ്രീം കോടതി നിർദ്ദേശം. ആ​ഗ്രാ സ്വദേശിയായ സിദ്ധാന്ത് ബത്രയ്ക്കാണ് എഞ്ചിനീയറിം​ഗ് കോഴ്സിന് താത്ക്കാലിക പ്രവേശനം നൽകാൻ ഐഐടിയോട് സുപ്രീം കോടതി നിർദ്ദേശം നൽകിയത്. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ചിന്റേതാണു നടപടി. ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയിൽ സിദ്ധാന്ത് ബത്ര  270–ാം റാങ്ക് നേടിയിരുന്നു, മാനുഷിക പരി​ഗണന അഭ്യാർത്ഥിച്ചാണ് സിദ്ധാന്ത് ബത്ര കോടതിയെ സമീപിച്ചത്. 

കഴിഞ്ഞ ദിവസമാണ് ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനിടയിൽ അപേക്ഷ പിൻവലിക്കുന്നതിനുള്ള ലിങ്കിൽ സിദ്ധാന്ത് അബദ്ധത്തിൽ ക്ലിക്ക് ചെയ്തത്. പ്രാഥമിക അലോട്ട്മെൻ്റ് എത്തിയപ്പോൾ സിദ്ധാന്തിന് ഇലക്ട്രിക്കൽ എഞ്ചിനീയറിം​ഗിൽ പ്രവേശനം ലഭിച്ചിരുന്നു. എന്നാൽ പിന്നീട് അലോട്ട്മെന്റിലെ പുതിയ വിവരങ്ങൾക്കായി സൈറ്റിൽ കയറിയ സിദ്ധാന്ത് അബദ്ധത്തിൽ പ്രവേശനത്തിൽ നിന്ന് പിൻമാറാനുള്ള ലിങ്ക് ക്ലിക്ക് ചെയ്തു. ഇതോടെ വലിയൊരു സ്വപ്നമാണ് ഇല്ലാതായത്. 

ഒരൊറ്റ ക്ലിക്കിൽ സിദ്ധാന്തിന് നഷ്ടമായത് സ്വപ്നമായിരുന്ന ഐഐടി പഠനം...

93 പേര്‍ക്കായിരുന്നു ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ പ്രവേശനാവസരം.. നവംബർ പത്തിന് പ്രവേശന ലഭിച്ച വിദ്യാർത്ഥികളുടെ ലിസ്റ്റ് എത്തിയപ്പോൾ അതിൽ  തന്റെ പേര് കാണാതെ വന്നപ്പോഴാണ് അബദ്ധം പറ്റിയതായി സിദ്ധാന്തിന് മനസ്സിലായത്. പിന്നീട് വീണ്ടും പ്രവേശനം ലഭിക്കാൻ സിദ്ധാന്ത് ഹൈക്കോടതിയുടെ സഹായം തേടി. ഹൈക്കോടതി ഐഐ‍ടിയോട് സിദ്ധാന്തിന്റെ അപേക്ഷ പരി​ഗണിക്കാൻ നിർദ്ദേശം നൽകിയെങ്കിലും ഐഐടി അപേക്ഷ തള്ളിക്കളഞ്ഞു. 

ഐഐടിക്കു നോട്ടിസ് അയയ്ക്കാൻ നിർദേശിച്ച സുപ്രീം കോടതി, ശീതകാല അവധിക്കുശേഷം കേസ് വീണ്ടും പരിഗണിക്കും. സിദ്ധാന്തിനു സീറ്റ് നൽകുന്നതു കോടതിയുടെ അന്തിമ വിധിക്കു വിധേയമായാകും. സിദ്ധാന്തിന്റെ പിതാവ് നേരത്തെ തന്നെ മരിച്ചു. 2018 ൽ മാതാവിനെയും നഷ്ടമായി. മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം കഴിയുന്ന താൻ ഏറെ കഷ്ടപ്പെട്ടു പഠിച്ചാണു ജെഇഇയിൽ ഉന്നത വിജയം നേടിയതെന്ന് സിദ്ധാന്ത് ഹർജിയിൽ വ്യക്തമാക്കിയിരുന്നു.