മുംബൈ: കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഒന്നുമുതല്‍ 12 വരെയുള്ള ക്ലാസുകളിലെ പാഠഭാഗങ്ങള്‍ 25 ശതമാനം വെട്ടിച്ചുരുക്കി മഹാരാഷ്ട്ര. ഇതുസംബന്ധിച്ച് ശനിയാഴ്ച സര്‍ക്കാര്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തി. വിദ്യാര്‍ഥികള്‍ നേരിടുന്ന ബുദ്ധിമുട്ട് കുറയ്ക്കുന്നതിന് വേണ്ടി ഒന്ന് മുതല്‍ 12 വരെയുളള ക്ലാസുകളിലെ സിലബസ് 25 ശതമാനം കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി വര്‍ഷ ഗയ്ക് വാദ് പറഞ്ഞു. കോവിഡ് 19 കാരണം 2020-21 അധ്യയന വര്‍ഷം ആരംഭിച്ചത് ജൂണ്‍ 15-നാണ്. 

വിദ്യാര്‍ഥികളിലേക്കെത്താന്‍ വ്യത്യസ്തമാര്‍ഗങ്ങളാണ് തങ്ങള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ജൂലായ് ഏഴിന് വൈറസ് പ്രതിസന്ധിയെ തുടര്‍ന്ന് പ്രധാനവിഷയങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍ സിബിഎസ്ഇ 9-12 ക്ലാസുകളിലെ  സിലബസ് 30 ശതമാനം വരെ കുറച്ചിരുന്നു. രാജ്യത്ത് കോവിഡ് 19 ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര.