ദില്ലി: ഒഴിവാക്കിയ പാഠഭാ​ഗങ്ങളിൽ നിന്ന് പരീക്ഷകൾക്ക് ചോദ്യങ്ങളുണ്ടാകില്ലെന്ന് വിദ്യാർത്ഥികൾക്ക് ഉറപ്പ് നൽകി സിബിഎസ്ഇ. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുപ്പതു ശതമാനം പാഠഭാഗങ്ങളാണ് സിബിഎസ്ഇ ഒഴിവാക്കിയത്. എന്നാൽ നിരവധി വിദ്യാർത്ഥികൾ ഈ വിഷയത്തിൽ ആശങ്ക രേഖപ്പെടുത്തിയത് മൂലമാണ് സിബിഎസ്ഇ വീണ്ടും വിശദീകരണം നൽകിയിരിക്കുന്നത്. ഒൻപത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ക്ലാസുകളിലെ പാഠഭാ​ഗങ്ങളാണ് മുപ്പത് ശതമാനം വെട്ടിക്കുറച്ചിരിക്കുന്നത്. 

കൊവിഡ് മഹാമാരിയെ തുടർന്നുള്ള അസാധാരണ സാഹചര്യം കണക്കിലെടുത്താണ് വിദ്യാർത്ഥികൾക്ക് അനുകൂലമായ ഈ തീരുമാനം എടുത്തതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്റിയാൽ ട്വീറ്റിൽ അറിയിച്ചിരുന്നു. വിദ്യാഭ്യാസ വിദ​ഗ്ധരിൽ നിന്ന് നിർദ്ദേശം സ്വീകരിച്ചതിന് ശേഷമാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വിദ്യാർത്ഥികളുടെ പഠനഭാരം കുറയ്ക്കുന്നതിനും പരീക്ഷയെ സു​ഗമമായി നേരിടുന്നതിനും വേണ്ടിയാണിതെന്നും അദ്ദേഹം വിശദമാക്കിയിരുന്നു.