കൊല്ലം ജില്ലയിലെ പരവൂർ കൂനയിൽ ഗവ. എൽ.പി. സ്‌കൂളിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥിനി ഗൗരി ബി.എസ് സമർപ്പിച്ച പരാതിയുടേയും പത്രവാർത്തയുടെയും അടിസ്ഥാനത്തിലാണ് കമ്മീഷൻ ഉത്തരവ്.

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ ബൂത്തുകളായി ഉപയോഗിച്ച സ്‌കൂളുകൾക്ക് സംഭവിച്ച കേടുപാടുകൾ പരിഹരിക്കുന്നതിന് ആവശ്യമായ തുക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകണമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷൻ. പഠനപ്രവർത്തനങ്ങളുടെ ഭാഗമായി സ്‌കൂൾ മതിലുകളിലും ക്ലാസ്സ്മുറികളിലും വരച്ചു ചേർത്തിരുന്ന ആമയുടേയും മുയലിന്റേയും ആനയുടേയും അടക്കമുള്ള ചിത്രങ്ങളുടെ മുകളിൽ തെരഞ്ഞെടുപ്പിന്റെ അറിയിപ്പുകൾ പതിപ്പിച്ച് നശിപ്പിക്കുകയും മനോഹരമായി പെയിന്റടിച്ചിരുന്ന സ്‌കൂൾ ഭിത്തികളിൽ പെയിന്റ് കൊണ്ട് ബൂത്ത് വിവരങ്ങൾ സ്ഥിരമായി എഴുതി വികൃതമാക്കുകയും ചെയ്തു എന്ന് ആരോപിച്ച് കൊല്ലം ജില്ലയിലെ പരവൂർ കൂനയിൽ ഗവ. എൽ.പി. സ്‌കൂളിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥിനി ഗൗരി ബി.എസ് സമർപ്പിച്ച പരാതിയുടേയും പത്രവാർത്തയുടെയും അടിസ്ഥാനത്തിലാണ് കമ്മീഷൻ ഉത്തരവ്.

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ്കുമാർ, അംഗങ്ങളായ കെ. നസീർ, റെനി ആന്റണി എന്നിവരടങ്ങിയ ഫുൾ ബെഞ്ചിന്റേതാണ് ഉത്തരവ്. പൊതുവിദ്യാഭ്യാസ ഡയറക്ടർ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ സഹകരണത്തോടെ രണ്ട് മാസത്തിനുള്ളിൽ ഇത്തരം സ്‌കൂളുകളിൽ പരിശോധന നടത്തി കേടുപാടുകളുടെ മൂല്യം നിർണ്ണയിക്കണം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona