Asianet News MalayalamAsianet News Malayalam

സംസ്ഥാനത്തെ പ്രീ- പ്രൈമറി മേഖലയിലെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ഫിൻലാൻഡ് സംഘം, സ്കൂളുകൾ സന്ദർശിക്കും

ഫിന്നിഷ് നാഷണൽ എഡ്യൂക്കേഷൻ ബോർഡ് നടപ്പിലാക്കി വരുന്ന നിരവധി മാതൃകകൾ കേരള മോഡൽ പ്രവർത്തനങ്ങളുടേതിന് സമാനമാണെന്ന് അവർ അഭിപ്രായപ്പെട്ടു. 
 

The Finnish team will visit the schools to appreciate the work done in the pre-primary sector in the state
Author
First Published Dec 7, 2022, 8:03 AM IST

തിരുവനന്തപുരം : കേരള സർക്കാർ പൊതുവിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കുന്ന പ്രീ- പ്രൈമറി പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ഫിന്നിഷ് വിദ്യാഭ്യാസ സംഘം. സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ സെമിനാറിൽ ഫിൻലാൻഡ് വിദ്യാഭ്യാസ മേഖലയിലെ ഉന്നതസംഘം പങ്കെടുത്തു. ഫിന്നിഷ് നാഷണൽ എഡ്യൂക്കേഷൻ ബോർഡ് നടപ്പിലാക്കി വരുന്ന നിരവധി മാതൃകകൾ കേരള മോഡൽ പ്രവർത്തനങ്ങളുടേതിന് സമാനമാണെന്ന് അവർ അഭിപ്രായപ്പെട്ടു. 

ഫിന്നിഷ്‌ ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദഗ്ധയായ അന്ന മയേജ പോയിക്കസ്, സംഘാംഗങ്ങളായ പാസി ഐക്കോണൻ, സിർപ്പ എസ്ക്കേല ഹാപ്പനേൺ, അപൂർവ ഹൂഡ തുടങ്ങിയവരാണ് സെമിനാറിൽ ഫിന്നിഷ് അവതരണങ്ങൾ നടത്തിയത്. കുട്ടികളിൽ ഏഴ് വയസ്സു മുതൽ മാത്രം പ്രൈമറി വിദ്യാഭ്യാസം ആരംഭിക്കുന്ന ഫിൻലാൻഡിൽ അധ്യാപകർക്ക് നൽകുന്ന പ്രത്യേക പരിശീലനങ്ങളെ സംബന്ധിച്ചും കുട്ടികളുടെ രക്ഷിതാക്കളുമായുള്ള ഫിന്നിഷ് വിദ്യാഭ്യാസ ബോർഡിന്റെ ബന്ധത്തെക്കുറിച്ചും അവതരണം ഉണ്ടായി. സമഗ്ര ശിക്ഷ കേരളം വഴി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതി പ്രവർത്തനങ്ങളുടെയും കുട്ടികളുടെ ദേശീയ വിദ്യാഭ്യാസ അവകാശങ്ങളെ കുറിച്ചും പ്രീ-പ്രൈമറി മേഖലയെ കുറിച്ചും പ്രത്യേക അവതരണം നടന്നു.

സമഗ്ര ശിക്ഷ കേരളം ഡയറക്ടർ ഡോ.എ.ആർ സുപ്രിയ വിദ്യാഭ്യാസ സെമിനാർ നയിച്ചു. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ഐ എ എസ് , പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ ഐ എ എസ് ,എസ് ഇ ആർ ടി ഡയറക്ടർ  ഡോ . ജയപ്രകാശ് ആർ. കെ , ആസൂത്രണ  ബോർഡ് അംഗം മിനി സുകുമാർ തുടങ്ങിയ ഉന്നതതല ഉദ്യോഗസ്ഥർ സന്നിഹിതരായിരുന്നു.‌

പൊതുവിദ്യാഭ്യാസ മേഖലയിലെ വിവിധ ഏജൻസികളുടെ പ്രവർത്തനങ്ങൾ നേരിട്ട് അറിയുന്നതിന്റെ ഭാഗമായി നാളെയും മറ്റന്നാളും ഫിന്നിഷ് സംഘം  വിവിധ സ്ഥാപനങ്ങളിൽ സന്ദർശനം നടത്തും. സമഗ്ര ശിക്ഷ കേരളം തിരുവനന്തപുരം സൗത്ത് യു ആർ സിക്ക് കീഴിലുള്ള ഓട്ടിസം സെൻറർ, തൈക്കാട് മോഡൽ പ്രീ പ്രൈമറി സ്കൂൾ, മണക്കാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ തുടങ്ങിയവയും ഫിന്നിഷ് സംഘം സന്ദർശിക്കും.

തിരുവനന്തപുരത്ത് തൊഴിൽ മേള ഡിസംബർ 17ന്; സ്പോട്ട് രജിസ്ട്രേഷനും അവസരം; അപേക്ഷ ​ഗൂ​ഗിൾ ഫോം വഴി

Follow Us:
Download App:
  • android
  • ios