Asianet News MalayalamAsianet News Malayalam

ഒറ്റക്കല്ല, ഒപ്പമുണ്ട് പദ്ധതി; കൊവിഡിനെ തുടർന്നുള്ള മാനസിക സമ്മർദ്ദം ലഘൂകരിക്കാനുള്ള ശ്രമം ശക്തമാക്കി സർക്കാർ

സൈക്യാട്രിസ്റ്റുകൾ, സൈക്കോളജിസ്റ്റുകൾ, സോഷ്യൽ വർക്കർമാർ, കൗൺസലർമാർ എന്നിവരെല്ലാം  ടീമുകളുടെ ഭാഗമാണ്. ഏകദേശം 1400 പേർ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് പ്രവർത്തിച്ചു വരുന്നു. 

the government has stepped up efforts to alleviate the post covid mental stress
Author
Trivandrum, First Published May 12, 2021, 9:44 AM IST

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം സമൂഹത്തിനു മേൽ ഏല്പിക്കുന്ന മാനസിക സമ്മർദ്ദത്തിന്റെ തീവ്രത കുറയ്ക്കാൻ 'ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്' എന്ന സൈക്കോസോഷ്യൽ സപ്പോർട്ട് പ്രോഗ്രാം കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആരംഭിച്ച സൈക്കോസോഷ്യൽ സപ്പോർട്ട് ടീം വളരെ പ്രധാനപ്പെട്ട സേവനമാണ്  നൽകി വരുന്നത്. ഓരോ ജില്ലയിലേയും മെന്റൽ ഹെൽത്ത് പ്രോഗ്രാം ടീമിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 

സൈക്യാട്രിസ്റ്റുകൾ, സൈക്കോളജിസ്റ്റുകൾ, സോഷ്യൽ വർക്കർമാർ, കൗൺസലർമാർ എന്നിവരെല്ലാം  ടീമുകളുടെ ഭാഗമാണ്. ഏകദേശം 1400 പേർ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് പ്രവർത്തിച്ചു വരുന്നു. നിലവിലെ സാഹചര്യത്തിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്തി ടീം കൂടുതൽ വിപുലമാക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് ബാധിതരായവർക്ക് പുറമേ മാനസികരോഗമുള്ളവർ, ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾ, വയോജനങ്ങൾ തുടങ്ങിയ പിന്തുണ ആവശ്യമുള്ളവരേയും ഈ പദ്ധതി വഴി അങ്ങോട്ടു ബന്ധപ്പെടുന്നുണ്ട്. 

പുതുതായി ആരോഗ്യപ്രവർത്തകർക്കു വേണ്ടിയുള്ള ഹെല്പ് ലൈനും ആരംഭിച്ചു. എല്ലാ ജില്ലകളിലും മാനസികാരോഗ്യ പരിപാടിയുടെ കീഴിൽ സൈക്കോ സോഷ്യൽ ഹെൽപ് ലൈൻ നമ്പറുകൾ ലഭ്യമാണ്. ഇതിന് പുറമേ സംസ്ഥാന അടിസ്ഥാനത്തിൽ ദിശ ഹെൽപ് ലൈൻ 1056, 0471 2552056 എന്നീ നമ്പറുകളിൽ 24 മണിക്കൂറും സേവനം ലഭ്യമാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios