രാജസ്ഥാൻ: സാംസ്കാരിക നായകരുടെയോ ചരിത്രപുരുഷൻമാരുടെയോ രാഷ്ട്രീയ പ്രവർത്തകരുടെയോ പേരുകളാണ് റോഡുകൾക്ക് സാധാരണയായ നൽകുക. എന്നാൽ ഇക്കാര്യത്തിൽ മാറി ചിന്തിച്ചിരിക്കുകയാണ് നാ​ഗാവൂർ ജില്ല. ഇവിടെത്തെ റോഡുകളുടെ പേര് കേട്ടാൽ അത്ഭുതം തോന്നാം. ദിവ്യ ശർമ്മ, ഖുഷ്ബു റാത്തോർ, ​ഗസൽ ഭടേസർ, പൂജാ ചൗധരി, കോമൾ പ്രജാപത് എന്നിങ്ങനൊക്കെയാണ് ഇവിടുത്തെ റോഡുകളുടെ പേരുകൾ. ഇവരെല്ലാം പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ മിടുക്കി പെൺകുട്ടികളാണ്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് മുൻതൂക്കം നൽകുക എന്ന ലക്ഷ്യമാണ് ഇവർ ഈ പ്രവർത്തനത്തിലൂടെ മുന്നോട്ട് വെയ്ക്കുന്നത്.

രസ്താ ഖോലോ അഭിയാൻ എന്ന പദ്ധതിക്ക് കീഴിലാണ് നാ​ഗാവൂർ പഞ്ചായത്ത് സമിതി ഇപ്രകാരം ചെയ്തിരിക്കുന്നത്. ഇതിനോടകം 38 റോഡുകൾക്കാണ് പരീക്ഷയിൽ മികവ് തെളിയിച്ച പെൺകുട്ടികളുടെ പേരുകൾ നൽകിയിരിക്കുന്നത്. ജില്ലയിലെ ഇത്തരത്തിലുള്ള 500 ലധികം റോഡുകളാണ് പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കാനുദ്ദേശിക്കുന്നത്. ഈ റോഡുകളെല്ലാം തന്നെ ​ഗ്രാമങ്ങളിലാണുള്ളത്. 

ഇക്കഴിഞ്ഞ പത്താം ക്ലാസ് പരീക്ഷയിൽ 97 ശതമാനം മാർക്ക് നേടിയ പെൺകുട്ടിയാണ് ദിവ്യ ശർമ്മ. കൂടാതെ സ്റ്റേറ്റ് ലെവൽ ഹോക്കി പ്ലെയറുമാണ്. 'മകളുടെ പേരിൽ ഒരു റോഡ് എന്നത് ഞങ്ങളെ സംബന്ധിച്ച് വളരെ സന്തോഷവും അത്ഭുതവും തോന്നുന്ന കാര്യമാണ്. എന്റെ മകൾക്ക് മാത്രമല്ല, ജില്ലയിലെ മറ്റ് പെൺകുട്ടികൾക്കും പ്രചോദനം നൽകുന്ന നീക്കമാണിത്. വിദ്യാഭ്യാസ രം​ഗത്ത് മികച്ച പ്രകടനം കാഴ്ച വയ്ക്കാനും ഉന്നത വിജയം നേടാനും പെൺകുട്ടികൾക്ക് പ്രചോദനമാകും.' ദിവ്യാ ശർമ്മയുടെ പിതാവ് രഘു നന്ദൻ ശർമ്മ പറഞ്ഞു. തുടർച്ചയായി അഞ്ച് തവണ സംസ്ഥാന തല ഹോക്കി ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത വിദ്യാർത്ഥിനിയാണ് ദിവ്യ ശർമ്മ.