തൊടുപുഴ: മൻ കി ബാത്തിൽ തൊടുപുഴ സ്വദേശിയായ വിദ്യാർത്ഥിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്ലസ് ടു കൊമേഴ്സിന് ഉന്നത വിജയം നേടിയതിനായിരുന്നു വിനായക് എം മാലിലിന് മോദിയുടെ അപ്രതീക്ഷിത അഭിനന്ദനം. 

രാജ്യത്താകമാനമുള്ള 548 നവോദയ സ്കൂളുകളിൽ പട്ടിക ജാതി വിഭാഗത്തിൽ പ്ലസ്ടു കൊമേഴ്സ് പരീക്ഷയിൽ വിനായക് എം മാലിൽ 98.6% മാർക്കോടെ ഒന്നാം സ്ഥാനമാണ് നേടിയത്. എറണാകുളം നേര്യമംഗലത്തെ ജവഹർ നവോദയ സ്കൂളിലായിരുന്നു വിനായകിന്‍റെ പഠനം. പ്രധാനമന്ത്രിയുടെ പക്കല്‍ നിന്ന് അഭിനന്ദനം ലഭിക്കുമെന്ന് പ്രതീക്ഷിരുന്നില്ലെന്ന് വിനായക് പറയുന്നു. ഉയര്‍ന്ന മാര്‍ക്കുണ്ടെങ്കിലും അത് രാജ്യത്തെ ഒന്നാം സ്ഥാനം ആവുമെന്നൊന്നും കരുതിയിരുന്നില്ലെന്നും വിനായകിന്‍റെ പിതാവ് പ്രതികരിക്കുന്നു. 

കൂലിപണിക്കാരനായ അച്ഛൻ മനോജിനും അമ്മ തങ്കയ്ക്കും ഇത് അഭിമാന നിമിഷം. വിനായകിന്‍റെ നേട്ടം അറിഞ്ഞ് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് അടക്കം നിരവധി പേർ അഭിനന്ദനവുമായെത്തിയിരുന്നു. സിവില്‍ സര്‍വ്വീസ് സ്വപ്നങ്ങളുള്ള വിനായകിന് ബികോമിന് ദില്ലി സർവകലാശാലയിൽ ചേരാനാണ് ആഗ്രഹം.