തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളുടെ തീരുമാനങ്ങൾ ചോദ്യം ചെയ്യാനും അപ്പീൽ നൽകാനും അപ്പലേറ്റ് ട്രിബ്യൂണൽ സംവിധാനം വരുന്നു. കേരളത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പത്ത് സർവകലാശാലകൾ ട്രിബ്യൂണൽ പരിധിയിൽ വരും. കേരളത്തിലെ സർവകലാശാലകൾ കൈക്കൊള്ളുന്ന തീരുമാനങ്ങൾക്കെതിരെ പരാതിപ്പെടാനും അവ ചോദ്യം ചെയ്യാനും ഇതുവരെ പൊതുവായ ഒരു സംവിധാനമുണ്ടായിരുന്നില്ല.

സർവകലാശാലകളുടെ ചാൻസലറായ ഗവർണർ ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇടപെടുന്നതും അപൂർവമായിരുന്നു.വൈസ് ചാൻസലറെടുക്കുന്ന തീരുമാനങ്ങളിൽ ഇടപെടാൻ വകുപ്പ് മന്ത്രി അടക്കമുള്ളവർക്കും അധികാരമില്ല. ഈ സാഹചര്യത്തിലാണ്
അപ്പലേറ്റ് ട്രിബ്യൂണൽ സംവിധാനം ഏർപ്പെടുത്താൻ തീരുമാനം ഉണ്ടായത്. ഇതുവഴി സർവകലാശാലയുടെ ഏതു തീരുമാനവും ചോദ്യംചെയ്യാൻ കഴിയും. സ്വയംഭരണ കോളജുകളുടെ നടത്തിപ്പിനായി സർക്കാർ പുറത്തിറക്കിയ ഓർഡിനൻസിലാണ് പുതിയ ഭേദഗതി.