ദില്ലി: കോവിഡ്-19 വ്യാപനത്തെത്തുടര്‍ന്ന് മാര്‍ച്ചുമുതല്‍ അടച്ചിട്ട രാജ്യത്തെ സര്‍വകലാശാലകളും കോളേജുകളും തുറക്കുന്നതിന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്‍ (യു.ജി.സി.) മാര്‍ഗനിര്‍ദേശം പുറത്തിറക്കി. സ്കൂളുകൾ വീണ്ടും തുറക്കുമ്പോൾ അധ്യാപകരും വിദ്യാർത്ഥികളും പാലിക്കേണ്ട പ്രതിരോധ നടപടികളാണ് മാർ​ഗനിർദ്ദേശങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ക്ലാസുകൾ ഘട്ടം ഘട്ടമായി തുറക്കുകയും സാമൂഹിക അകലം പാലിക്കേണ്ടത് നിർബന്ധമാണെന്നും മാർ​ഗനിർദ്ദേശങ്ങളിൽ യുജിസി വ്യക്തമാക്കുന്നു. ക്ലാസ് മുറികളിൽ  സ്ഥലത്തിന്റെ ലഭ്യതയെ ആശ്രയിച്ച് 50 ശതമാനം വരെ വിദ്യാർത്ഥികളെ റൊട്ടേഷൻ അടിസ്ഥാനത്തിൽ ക്ലാസുകളിൽ പങ്കെടുക്കാൻ അനുവദിക്കും. 

കേന്ദ്രസര്‍വകലാശാലകള്‍, കേന്ദ്ര സര്‍ക്കാരിനു കീഴിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ തുറക്കാന്‍ അതത് സ്ഥാപനമേധാവിമാര്‍ക്ക് തീരുമാനിക്കാമെന്നും യു.ജി.സി. അറിയിച്ചു. ക്ലാസുകള്‍ തുടങ്ങുകയാണെങ്കില്‍ കോവിഡ്-19 സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കണമെന്നും നിര്‍ദേശിക്കുന്നു. സംസ്ഥാന സര്‍ക്കാരിനു കീഴില്‍ വരുന്ന സര്‍വകലാശാലകളും കോളേജുകളും തുറക്കുന്ന കാര്യത്തില്‍ അതത് സര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാം.

സ്ഥാപനങ്ങള്‍ കണ്‍ടെയ്ന്‍മെന്റ് സോണിലാണെങ്കില്‍ പ്രവര്‍ത്തിക്കരുത്. കണ്‍ടെയ്ന്‍മെന്റ് സോണിലുള്ള വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും സ്ഥാപനത്തില്‍ പ്രവേശിക്കരുത്. വിദ്യാർത്ഥികളും അധ്യാപകരും മറ്റ് ജീവനക്കാരും മുഴുവൻ സമയം മാസ്ക് ധരിക്കണം, ഹാൻഡ് സാനിട്ടൈസറുകൾ എല്ലാവരും ഉപയോ​ഗിക്കണം. സംശയാസ്പദമായി രോ​ഗലക്ഷണം കണ്ടെത്തിയാൽ ഉടനടി റിപ്പോർട്ട് ചെയ്യണം. അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യൽ, ശുചിത്വ പരിശോധന എന്നിവയ്ക്കായി കർമസമിതികൾ രൂപീകരിക്കണമെന്നും യുജിസി നിർദ്ദേശത്തിൽ പറയുന്നു.