തിരുവനന്തപുരം: കൊവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ മുഴുകാൻ സർവ്വകലാശാലകളോടും കോളെജുകളോടും യുജിസി ചെയർമാൻ ‍ഡി പി സിം​ഗിന്റെ അഭ്യർത്ഥന. നിർണായകമായ ഈ ഘട്ടത്തിൽ എല്ലാ സർവ്വകലാശാലകളിലെയും വൈസ് ചാൻസലർമാർ, യുജിസിക്ക് കീഴിലെ കോളേജിലെ പ്രിൻസിപ്പൽമാർ, 14 ലക്ഷം അധ്യാപക അനധ്യാപക ഉദ്യോ​ഗസ്ഥർ, 374 കോടി വിദ്യാർത്ഥികൾ എന്നിവർ ക്ഷമയോടെ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കണം. സ്വയരക്ഷയ്ക്കൊപ്പം മറ്റുള്ളവരുടെ രക്ഷയ്ക്കും ബോധവത്കരണ പ്രവർത്തനങ്ങളിൽ മുഴുകണം. 

കുടുംബാം​ഗങ്ങൾ, ബന്ധുക്കൾ സുഹൃത്തുക്കൾ, സഹപ്രവർത്തകർ, സമൂഹത്തിലെ എല്ലാ വിഭാ​ഗക്കാർ എന്നിവർക്കിടയിൽ അവബോധം സൃഷ്ടിച്ച് അവരെ സഹായിക്കാൻ മുന്നിട്ടിറങ്ങണം. അധ്യാപകർ രാഷ്ട്രനിർമ്മാതാക്കളാണ്. അവർക്ക് രാജ്യത്തോടും സമൂഹത്തോടും വലിയ ഉത്തരവാദിത്വമുണ്ട്. പ്രതിസന്ധിയുടെ ഈ സമയത്ത് മുന്നിട്ടിറങ്ങി പ്രതിരോധ നടപടികളെക്കുറിച്ച് സമൂഹത്തെ ബോധവാൻമാരാക്കി ഉത്തരവാദിത്വം നിറവേറ്റാൻ എല്ലാ അധ്യാപകരും തയ്യാറാകണം. പ്രായമായവരെയും കുട്ടികളെയും പ്രത്യേകം ശ്രദ്ധിക്കണമെന്നും യുജിസി ചെയർമാൻ അഭ്യർത്ഥിച്ചു. 31 വരെയുള്ള ദിവസങ്ങൾ, കരാർ, താത്ക്കാലിക അധ്യാപകർ ഉൾപ്പെടെയുള്ള എല്ലാ അധ്യാപകരുടെയും ജോലി ദിനങ്ങളായി കണക്കാക്കുമെന്നും ചെയർമാൻ വ്യക്തമാക്കി.